Asianet News MalayalamAsianet News Malayalam

ഷെവര്‍ലേ കാറുടമകള്‍ അറിയാന്‍: ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിടുന്നു

General Motors To Stop Selling Cars In India By End Of 2017
Author
First Published May 18, 2017, 5:30 PM IST

മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന നിര്‍ത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന അവസാനിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് ജിഎമ്മിന്റെ കടുത്ത നടപടി.

രണ്ട് പതിറ്റാണ്ട് നീണ്ട മത്സരത്തിനൊടുവില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് തത്വത്തില്‍ ഇന്ത്യ വിടുകയാണ്. അടുത്ത വര്‍ഷം മുതല്‍ ജിഎമ്മിന്റെ പുതിയ ഷെവര്‍ലെ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന അവഗണനയാണ് ജിഎമ്മിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

ജിഎമ്മിന്റെ ഷെവര്‍ലെ ബ്രാന്‍ഡില്‍ പുറത്തിറങ്ങളുന്ന വാഹനങ്ങളുടെ നിലവിലെ ഇന്ത്യയിലെ പ്രതിമാസ വില്‍പ്പന 150ല്‍ താഴെയാണ്. 1995ല്‍ ഇന്ത്യയില്‍ എത്തിയ ഷെവര്‍ലെ ബീറ്റ്, സ്പാര്‍ക്ക്, ടവേറ, എന്‍ജോയ് എന്നീ വാഹനങ്ങളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. എന്നാല്‍ 22 വര്‍ഷത്തിനിപ്പുറവും ഷെവര്‍ലെയ്ക്ക് ഇന്ത്യയിലെ വിപണി വിഹിതം ഒരു ശതമാനത്തില്‍ നിന്ന് ഉയര്‍ത്തായില്ല.

വില്‍പ്പന അവസാനിപ്പിക്കുകയാണെങ്കിലും പുണെ തലേഗന്‍ പ്ലാന്റില്‍ നിന്നുള്ള കാര്‍ നിര്‍മാണം ജനറല്‍ മോട്ടോഴ്‌സ് തുടരും. ആഫ്രിക്കന്‍, ലാറ്റിനമേരിക്കല്‍ രാജ്യങ്ങളിലേക്ക് ആവശ്യമായ കാറുകളായിരിക്കും തലേഗന്‍ പ്ലാന്റില്‍ നിര്‍മിക്കുക.
പുതിയ വാഹനങ്ങള്‍ ഇറക്കില്ലെങ്കിലും നിലവില്‍ നിരത്തിലുള്ള വാഹനങ്ങള്‍ക്ക് തുടര്‍ന്നും സര്‍വീസ് ലഭ്യമാക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios