കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തോരാതെ പെയ്യുന്ന മഴ റോഡിൽ വലിയ ഗതാഗതക്കുരുക്കുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ ഓടകളിൽ പലതിലും വന്നിട്ടുള്ള ബ്ലോക്കുകൾ തുടർച്ചയായി മഴപെയ്തതോടെ പലയിടത്തും വെള്ളക്കെട്ടുകൾക്ക് കാരണമായിട്ടുണ്ട്. ബ്ലോക്കുകളിൽ പെട്ടുപോകുന്ന യാത്രക്കാർ വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെത്തുമ്പോൾ തികഞ്ഞ ശ്രദ്ധ വെച്ചുപുലർത്തിയില്ലെങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്ടം വരുന്ന വാഹന റിപ്പയറിങ്ങിലേക്കും നീളാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. 

1. വെള്ളം തെറിപ്പിക്കരുത് : ഇത്  വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട ഒരു സാമാന്യ മര്യാദയാണ്. മഴ പെയ്ത് റോഡിൽ മുഴുവൻ വെള്ളം കയറിക്കിടക്കുന സമയമാണ്. അതുകൊണ്ട് വളരെ പതുക്കെ മാത്രമേ വാഹനമോടിക്കാവൂ. വേഗത്തിൽ വാഹനമോടിച്ച് വഴിയേ നടന്നുപോകുന്നവരുടെ വസ്ത്രങ്ങളിലേക്ക് വെള്ളം തെറിപ്പിക്കുന്നത്‌ മര്യാദയാവില്ല.  വെള്ളം തെറിപ്പിച്ച് വാഹനമോടിക്കുന്നത് വണ്ടിക്കുള്ളിൽ ഇരിക്കുന്നവർക്ക് ഹരം പകർന്നേക്കാം എങ്കിലും, ഇങ്ങനെപാഞ്ഞുപോകുന്നതുകൊണ്ട് മറ്റുള്ളവർക്ക് പ്രശ്നമുണ്ടാകും എന്നതിനൊപ്പം,  വാഹനത്തിനും തകരാറുകൾ വരാം. 
 

2. മിനിമം അർപിഎം നിലനിർത്തുക : വെള്ളക്കെട്ടുകളിൽ കാറുകൾ നിന്നുപോകുന്നതും എഞ്ചിൻ കേടാകുന്നതും പ്രധാനമായും ഒരു കാരണത്താലാണ്. അവയുടെ എക്സോസ്റ്റ് പൈപ്പിലൂടെ വെള്ളം എഞ്ചിനിൽ കേറും. അതോടെ എഞ്ചിൻ നിലയ്ക്കും. അതൊഴിവാക്കാൻ 'മിനിമം ആക്സിലറേഷൻ ' എപ്പോഴും നൽകണം. എങ്കിൽ എക്സോസ്റ്റിലൂടെ  പുറത്തേക്ക് ഇരച്ചു തള്ളിപ്പോവുന്ന ചുടുവായു ആ പൈപ്പിലൂടെ വെള്ളം അകത്തേക്ക് വരാതെ തടുക്കും. 


3. താഴ്ന്ന ഗിയറിൽ വാഹനം ഓടിക്കുക : കൂടിയ ഗിയറിൽ വാഹനം ഓടിച്ചാൽ വേണ്ടത്ര വേഗമില്ലെങ്കിൽ വാഹനം ഓഫാക്കാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടിൽ വെച്ച് വാഹനം ഒരിക്കൽ ഓഫായാൽ അത് പിന്നെ സ്റ്റാർട്ടാകാൻ പ്രയാസമാകും. അതുകൊണ്ട് വെള്ളക്കെട്ട് അടുക്കുമ്പോൾ സെക്കൻഡ് ഗിയറിലേക്കെങ്കിലും മാറ്റി വളരെ സൂക്ഷിച്ച് മാത്രം വാഹനമോടിക്കുക. 

4. മുന്നിൽ പോകുന്നവാഹനവുമായി അകലം പാലിക്കുക : വാഹനങ്ങൾക്കിടയിൽ അകലം പാലിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന്, മുന്നിലെ വാഹനം പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഉയരുന്ന ജനനിരപ്പ് അടങ്ങാൻ അത് സഹായിക്കും. രണ്ട്, മുന്നിലെ വാഹനം ശ്രദ്ധിച്ചാൽ റോഡിൽ വെള്ളത്തിനടിയിൽ അദൃശ്യമായിരിക്കുന്ന കുഴികളെപ്പറ്റി കൃത്യമായ ധാരണയുണ്ടാകും.  

 

5.  ഒന്നുമറിയാതെ വെള്ളക്കെട്ടിലേക്ക് വണ്ടി ഇറക്കരുത് : മുന്നിലെ വാഹനങ്ങൾ സുരക്ഷിതമായി വെള്ളക്കെട്ട് കടന്നു പോകുന്നുണ്ട് എന്നുറപ്പിച്ചു ശേഷം മാത്രമേ വാഹനവുമായി വെള്ളക്കെട്ട് ക്രോസ് ചെയ്യാൻ മുതിരാവൂ. മുന്നിലെ വെള്ളക്കെട്ടിന്റെ ആഴം ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട്, അത്ര ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ വന്ന വഴി യു ടേൺ എടുത്ത് വേറെ വല്ല റൂട്ടിലും പോകുന്നതായിരിക്കും ഉത്തമം. അതാവും വാഹനത്തിന്റെ സുരക്ഷിതത്വത്തിനും നല്ലത്. 

മഴ അനുനിമിഷം വർധിച്ചു വരികയാണ്. അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുകൾക്കും റോഡിലെ വെള്ളക്കെട്ടുകൾക്കും  സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും മലമ്പ്രദേശങ്ങളിൽ. അതുകൊണ്ട്, വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രം വാഹനങ്ങളുമായി യാത്രകൾക്ക് പുറപ്പെടുക. മഴ കുറച്ചു ദിവസങ്ങൾക്കകം കുറയും. എല്ലാം വീണ്ടും സാധാരണസ്ഥിതിയിലാവും.  വാഹനത്തിന്റെയും അവനവന്റെയും സുരക്ഷയ്ക്ക് ആദ്യ പരിഗണന കൊടുത്തുകൊണ്ടുമാത്രം സഞ്ചരിക്കുക. റൈഡ് സേഫ്...!