Asianet News MalayalamAsianet News Malayalam

'ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം...'; 11 ഡ്രൈവിംഗ് ടിപ്പുകള്‍

റിലാക്സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണെന്ന് എംവിഡി ടിപ്പുകള്‍ സഹിതം പറയുന്നു. 

driving tips that make you better driver joy
Author
First Published Aug 31, 2023, 5:54 PM IST

ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാമെന്നതിനെ കുറിച്ച് 'ടിപ്പുകളു'മായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനമോടിക്കുമ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം. സ്റ്റിയറിംഗിന് പിന്നില്‍ ശാന്തതയോടെയും മറ്റുള്ളരോട് കരുതലോടെയും സന്തോഷം നല്‍കുന്നതുമായ സമീപനം സ്വീകരിക്കുകയും ചെയ്താല്‍ സന്തോഷകരവും ഉന്മേഷകരവുമായ അനുഭവമാക്കി ഡ്രൈവിങ്ങിനെ മാറ്റാന്‍ കഴിയുമെന്ന് എംവിഡി കുറിപ്പില്‍ പറയുന്നു. റിലാക്സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണെന്ന് എംവിഡി ടിപ്പുകള്‍ സഹിതം പറയുന്നു. 

1. ക്ഷമയും സഹാനുഭൂതിയും പരിശീലിക്കുക: ട്രാഫിക് കാലതാമസങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും ഡ്രൈവിംഗിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക. ചുവന്ന സിഗ്‌നല്‍ കാണുമ്പോള്‍ അത് റിലാക്‌സ് ചെയ്യാനുള്ള ഒരു അവസരമായി കണ്ടുപെരുമാറുകയും മറ്റ് ഡ്രൈവര്‍മാരോട് ക്ഷമയും സഹാനുഭൂതിയും പുലര്‍ത്തുക, ഇത് നിരാശ കുറയ്ക്കാനും കൂടുതല്‍ പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് മാറുന്നതിനും സഹായിക്കും. പുറകില്‍ നിന്ന് ഹോണടിക്കുന്ന വാഹനങ്ങളെ കടത്തിവിടുന്നതില്‍ സന്തോഷം കണ്ടെത്തുക. റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവരെ ഒരു പുഞ്ചിരിയോടെ കടന്നു പോകാന്‍ അനുവദിക്കുക. വാഹനം നിര്‍ത്തി നമ്മെ മുന്‍ഗണന നല്‍കി കടത്തി വിടുന്ന ഡ്രൈവറെ നോക്കി കൈ വീശി ക്കാണിച്ച് നന്ദി അറിയിക്കുക.

2. നേരത്തേ ഇറങ്ങുക: ഒന്‍പത് മണിക്ക് വീട്ടില്‍ നിന്നിറങ്ങേണ്ടുന്ന നാം ഒമ്പതരയ്ക്ക് ഇറങ്ങിയതിനു ശേഷം വീട്ടില്‍ നഷ്ടപ്പെട്ട അരമണിക്കൂര്‍ റോഡില്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ഡ്രൈവിംഗ് സന്തോഷകരമാവില്ല സദാ നിറഞ്ഞൊഴുകുന്ന നമ്മുടെ നിരത്തുകളില്‍ മുന്‍കൂട്ടിയുള്ള യാത്ര  ശീലമാക്കാന്‍ തുടങ്ങുക.

3. വേഗത കുറക്കൂ: വേഗത ഡ്രൈവിംഗില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതില്‍ പ്രധാനമാണ്.

4. മുന്‍കൂട്ടി ആസൂത്രണം ചെയ്യുക: റോഡില്‍ എത്തുന്നതിന് മുമ്പ്, നമ്മുടെ റൂട്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ട്രാഫിക് സാഹചര്യങ്ങള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ ഇതര റൂട്ടുകളും തിരക്ക് കുറഞ്ഞ സമയവും പരിഗണിക്കുകയും ചെയ്യുക. കൃത്യമായി എവിടേക്കാണ് പോകേണ്ടന്നതെന്നും എപ്പോഴാണ് പ്രതീക്ഷിക്കേണ്ട സമയമെന്നും അറിയുന്നത് ഡ്രൈവിംഗ് സമ്മര്‍ദ്ദം കുറയ്ക്കും.

5. ഡിഫന്‍സീവ് ഡ്രൈവിംഗ് പരിശീലിക്കുക: ഒരു ഡിഫന്‍സീവ് ഡ്രൈവര്‍ ആകുക എന്നതിനര്‍ത്ഥം നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാനായിരിക്കുകയും അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുകയും മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയവയാണ്.  

6. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക: നിങ്ങളുടെ വാഹനം നന്നായി പരിപാലിക്കുന്നതും വൃത്തിയുള്ളതും ക്ഷമത ഉള്ളതും ടയര്‍ തേയ്മാനം ഇല്ലാത്തതും ആണെന് ഉറപ്പാക്കുക. താപനില, സീറ്റ് പൊസിഷനുകള്‍, കണ്ണാടികള്‍, ടയര്‍ പ്രഷര്‍, എന്നിവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കുക. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതില്‍ പ്രധാനമാണ്.

7. ശാന്തമായ സംഗീതം ശ്രവിക്കുക: നിങ്ങള്‍ ആസ്വദിക്കുന്നതും വിശ്രമിക്കുന്നതുമായ സംഗീതമോ പോഡ്കാസ്റ്റുകളോ തിരഞ്ഞെടുക്കുക. ശാന്തമായ ഉള്ളടക്കം കേള്‍ക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളുടെ ഡ്രൈവ് കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുന്‍പ് സംഗീതം കേള്‍ക്കുന്ന സ്വഭാവമുള്ള ആളുകള്‍ ആണെങ്കില്‍ അത്തരം പാട്ടുകള്‍ ഒഴിവാക്കുന്നത് നന്ന്.

8. ആവശ്യമുള്ളപ്പോള്‍ ഇടവേളകള്‍ എടുക്കുക: നീണ്ട യാത്രയിലാണെങ്കില്‍, നിങ്ങളുടെ കാലുകള്‍ നീട്ടാനും വിശ്രമമുറി സൗകര്യങ്ങള്‍ ഉപയോഗിക്കാനും ഉന്മേഷദായകമായ പാനീയമോ ലഘുഭക്ഷണമോ കഴിക്കാനും പതിവായി ഇടവേളകള്‍ ക്രമീകരിക്കുക.  

9. ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറയ്ക്കുക: ശ്രദ്ധ വ്യതിചലിപ്പിക്കുന്നത് കുറച്ച് ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഭക്ഷണം കഴിക്കുക, കൂടെയുള്ളവരോട് ഉച്ചത്തില്‍ സംസാരിക്കുക ദേഷ്യപ്പെടുക അല്ലെങ്കില്‍ റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയും ഒഴിവാക്കണം..

10. ശ്രദ്ധാപൂര്‍വ്വമുള്ള ഡ്രൈവിംഗ് പരിശീലിക്കുക: ഡ്രൈവിംഗ് സമയത്ത് ഓരോ നിമിഷവും  സന്നിഹിതരായിരിക്കുക ഡ്രൈവറായി തന്നെയിരിക്കുക. മനസ്സിനെ അലയാന്‍ അനുവദിക്കുന്നതിനുപകരം, ഡ്രൈവിംഗില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുക. റോഡ് അടയാളങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍, മറ്റ് ഡ്രൈവര്‍മാരുടെ പെരുമാറ്റം എന്നിവ ശ്രദ്ധിക്കുക.

11. മുന്നില്‍ തടസ്സം കണ്ടിട്ടും തൊട്ടടുത്തെത്തുമ്പോള്‍ സഡന്‍ ബ്രേക്ക് ഇടുന്ന ശീലം ഒഴിവാക്കി, ബ്രേക്കിന്റെ ഉപയോഗം കുറച്ച് നിയന്ത്രിത വേഗതയില്‍ ആക്‌സിലറേറ്റര്‍ വഴി വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ശീലമാക്കിയാല്‍ സുരക്ഷ മാത്രമല്ല സാമ്പത്തിക ലാഭവും ഉണ്ടാകും.
 

  അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് തിരിച്ചടി; ജെപിസി അന്വേഷണം പ്രഖ്യാപിക്കണം: ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി
 

Follow Us:
Download App:
  • android
  • ios