ബെംഗളൂരു: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു 2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയെന്ന് കമ്പനി. MU-X എസ്‌യുവിയുടെ 52 യൂണിറ്റും, V-ക്രോസ് പിക്കഅപ്പ് ട്രക്കിന്റെ 48 യൂണിറ്റുമാണ് നവംബറില്‍ വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് 4G എന്നിവരാണ് MU-X -ന്റെ എതിരാളികള്‍. 27.31 ലക്ഷം രൂപ മുതല്‍ 29.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

പുതിയ ഡി-മാക്സ് പിക്കപ്പ് ട്രക്കിനെ അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. ആഗോള തലത്തില്‍ ഡി-മാക്സിന്റെ മൂന്നാംതലമുറ മോഡലാണിത്. റഗുലര്‍ കാബ്, സ്പേസ് കാബ്, ക്ര്യൂ കാബ് എന്നീ വേരിയന്റുളില്‍ രണ്ടാംതലമുറ ഡി-മാക്സില്‍ നിന്നും രൂപത്തിലും മറ്റും ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ വാഹനം തായ്‍ലന്‍ഡിലാണ് അവതരിപ്പിച്ചത്.

150 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 എച്ച്പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഡി-മാക്സിന്‍റെ ഹൃദയം. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 5265 എംഎം നീളവും 1870 എംഎം വീതിയും 1790 എംഎം ഉയരവും 3125 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. വലിയ ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്‍ ലൈറ്റ്, വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

16.50 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് D-മാക്‌സ് V-ക്രോസിന്റെ വിപണിയിലെ വില. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ Z-പ്രസ്റ്റീജ് എന്നൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പുതുതലമുറ D-മാക്‌സ് V-ക്രോസ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. നിലവില്‍ ബിഎസ് 6 മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ബിഎസ്4 ശ്രേണിയിലെ വാഹനങ്ങള്‍ വിപുലപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബിഎസ് 4 ശ്രേണിയിലെ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Read More: 300 കിമീ മൈലേജുള്ള വാഹനത്തിന്‍റെ ബുക്കിംഗ് തുടങ്ങി ടാറ്റ

നിലവില്‍ ബിഎസ്4 ശ്രേണിയിലെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ ഓഫറുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ബിഎസ് 6 മോഡലുകള്‍ക്ക് വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ബിഎസ്6 മോഡലുകളായ D-മാക്സ് V-ക്രോസ്, MU-X എസ്‌യുവി മോഡലുകളുടെ വില 3 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വര്‍ധിച്ചേക്കാം. വാണിജ്യ ശ്രേണിയിലെ മോഡലുകളായ D-മാക്സ് റെഗുലര്‍ ക്യാബ്, D-മാക്സ് S-CAB എന്നീ മോഡലുകളുടെ വില 1 ലക്ഷം മുതല്‍ 1.5 ലക്ഷം വരെ കൂടിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.