ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റ് ഇല്ലാത്ത കാറുകളിൽ പലരും ആഫ്റ്റർ മാർക്കറ്റിൽ നിന്നും സിഎൻജി സിലിണ്ടറുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. പക്ഷേ, നിങ്ങളുടെ കാറിൽ ഒരു ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

ന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹന ഉടമകൾക്കിടയിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) പവർട്രെയിനുകളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നു. സിഎൻജിയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് അനുസരിച്ച് ടാറ്റ, മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ചില കാർ നിർമ്മാതാക്കൾ രാജ്യത്ത് ഇരട്ട ഇന്ധന പവർട്രെയിൻ (പെട്രോൾ-സിഎൻജി) ഘടിപ്പിച്ച കാറുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. എങ്കിലും, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റ് ഇല്ലാത്ത കാറുകളിൽ പലരും ആഫ്റ്റർ മാർക്കറ്റിൽ നിന്നും സിഎൻജി സിലിണ്ടറുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. പക്ഷേ, നിങ്ങളുടെ കാറിൽ ഒരു ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

1 എല്ലാ കാറുകൾക്കും സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമോ?
സിഎൻജി കിറ്റ് ഉപയോഗിച്ച് പെട്രോൾ കാറുകൾ മാത്രമേ മാറ്റാൻ കഴിയൂ. ഡീസൽ എൻജിനുകൾക്ക് സിഎൻജിയിൽ പ്രവർത്തിക്കാൻ കഴിയില്ല. ഇതോടൊപ്പം, എല്ലാ പെട്രോൾ കാറുകളും സിഎൻജി കിറ്റ് ഉപയോഗിച്ച് മാറ്റാൻ കഴിയില്ല. പഴയ കാറുകളും സിഎൻജി കിറ്റുകൾ ഉപയോഗിച്ച് മാറ്റാനാകില്ല. അതിനാൽ സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ കാർ പറ്റുന്നവിധത്തിലാണോ എന്ന് ഉറപ്പാക്കുക.

2 ആർസി അപ്ഡേറ്റ് ചെയ്യുക
മാർക്കറ്റിന് പുറത്ത് നിന്ന് ഒരു സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) അപ്ഡേറ്റ് ചെയ്യുന്നതിന് കാർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് (RTO) കൊണ്ടുപോകുക. അവിടെ, ആർസിയിൽ എഴുതിയ ഇന്ധനത്തിൻ്റെ തരം മാറ്റുക. ഇതിലെ സിഎൻജി പവർട്രെയിനും ആർടിഒ അപ്‌ഡേറ്റ് ചെയ്യും. എങ്കിലേ പുതുക്കിയ രേഖകൾ ഉപയോഗിച്ച് വാഹനം നിങ്ങൾക്ക് റോഡിലൂടെ ഓടിക്കാൻ കഴിയൂ.

3 രജിസ്റ്റർ ചെയ്ത ഡീലർമാരിൽ നിന്ന് സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യുക
ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുകളുള്ള കാറുകൾക്ക് വില കൂടുതലാണ്. എന്നാൽ ഈ കാറുകൾ നിർമ്മാതാക്കളുടെ വാറൻ്റിയോടെയാണ് വരുന്നത്. അതേസമയം ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റുകൾക്ക് വില കുറവാണ്. എന്നാൽ ഗ്യാസ് ചോർച്ച പോലുള്ള സുരക്ഷാ ആശങ്കകൾ ഉപഭോക്താക്കളെ അലട്ടുന്നു. അതിനാൽ, രജിസ്റ്റർ ചെയ്ത ഡീലർമാരിൽ നിന്ന് മാത്രം സിഎൻജി റിട്രോഫിറ്റ് കിറ്റുകൾ വാങ്ങുകയും ഇൻസ്റ്റാൾ ചെയ്യുകയും വേണം.

4 ഇൻഷുറൻസ് 
സിഎൻജി ഇന്ധനത്തിന് പെട്രോളിനേക്കാൾ വില കുറവാണ്, എന്നാൽ സിഎൻജി കാറുകളുടെ ഇൻഷുറൻസ് പ്രീമിയം പെട്രോൾ അല്ലെങ്കിൽ ഡീസൽ മോഡലുകളേക്കാൾ കൂടുതലാണ്. നിങ്ങൾക്ക് ആഫ്റ്റർ മാർക്കറ്റിൽ നിന്ന് സിഎൻജി കിറ്റ് റീട്രോഫിറ്റ് ചെയ്യുകയാണെങ്കിൽ, ആർടിഒയിൽ നിന്ന് പേപ്പറുകൾ അപ്‌ഡേറ്റ് ചെയ്യുകയും സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും ചെയ്യുക. കാരണം അതിന് ശേഷം നിലവിലെ പോളിസി പൂജ്യമാകും, അതിനുശേഷം നിങ്ങൾക്ക് ക്ലെയിം ലഭിക്കില്ല. നിങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ, ആർടിഒയിൽ നിന്ന് നിങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യുക. എന്നിരുന്നാലും, ഇതിന് ശേഷം നിങ്ങൾ ഇൻഷുറൻസ് കവറേജിനായി ഉയർന്ന പ്രീമിയം നൽകേണ്ടിവരും.

5 ഇന്ധന വിലയും ബൂട്ട് സ്‍പേസും
സിഎൻജിയിൽ ഓടുന്ന കാറുകൾ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുകയും കാർ ഉടമകളുടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ സിഎൻജി കാറുകൾക്ക് കൂടുതൽ സർവീസ് ആവശ്യമാണ്. സിഎൻജി ടാങ്ക് കാരണം ബൂട്ട് സ്റ്റോറേജ് സ്പേസ് കുറയും. ഇതുകൂടാതെ, പെട്രോൾ, ഡീസൽ മോഡലുകളെ അപേക്ഷിച്ച് സിഎൻജി കാറുകൾ പ്രകടനത്തിലും പിന്നിലാണ്.