കാറിൽ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് റോഡപകടത്തില്‍ പരിക്കേറ്റു കിടന്നിരുന്ന കൗമാരക്കാരെ ആശപത്രിയിലെത്തിക്കാന്‍ പൊലീസ് വിസമ്മതിച്ചു. തുടര്‍ന്ന് കുട്ടികള്‍ നടുറോഡില്‍ രക്തം വാര്‍ന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി.
17 വയസ്സുകാരായ അർപിത് ഖുറാന, സണ്ണി എന്നിവരാണ് മരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് പൊലീസുകാരുടെ ക്രൂരത പുറം ലോകം അറിഞ്ഞത്. അപകടവിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസാണ് മനുഷ്യത്വരഹിതമായി പെരുമാറിയത്. പരിക്കേറ്റ് റോഡില്‍ കിടക്കുന്ന കുട്ടികളെയും അവരുടെ ബൈക്കുകളും വീഡിയോയില്‍ കാണാം.
അപകടമുണ്ടായ ഉടനെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് രാത്രി പട്രോളിംഗിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസുകാര്‍ കാറിൽ രക്തം പറ്റുമെന്നു പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദയവു ചെയ്ത് ഇവരെ ആശുപത്രിയിലെത്തിക്കണമെന്നു കൂടിനിൽക്കുന്നവരിലൊരാൾ പറയുന്നത് വീഡിയോയിലുണ്ട്. ഇവിടെ വേറെ ആർക്കും കാറില്ലെന്നും അവർ പറയുന്നുണ്ട്. കാര്‍ കഴുകിത്തരാമെന്നു പറഞ്ഞിട്ടും പൊലീസുകാര്‍ സഹകരിക്കുന്നില്ലെന്നതും വ്യക്തം.
പൊലീസുകാരിൽ നിന്നും സഹായം ലഭിക്കാതെ വന്നതോടെ അതുവഴി കടന്നുപോയ മറ്റു വാഹനങ്ങൾ നിർത്തിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു വാഹനമെത്തിച്ച് ഇരുവരെയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണവിധേയമായി മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

