ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെലിയുടെ TNT 300-ന്റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി. ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ് ) സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തി സുരക്ഷ വര്‍ധിപ്പിച്ചാണ് ബെനെലി TNT 300 വിപണിയിലെത്തിയത്. 3.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. അധികം വൈകാതെ എബിഎസ് സംവിധാനം ഇന്ത്യന്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയാണ് ഡിഎസ്‌കെ ബെനെലിയുടെ സുരക്ഷാ മുന്നൊരുക്കം.

ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം ഒഴികെ മെക്കാനിക്കല്‍ ഫീച്ചേര്‍ഴ്‌സില്‍ മറ്റ് മാറ്റങ്ങള്‍ പുതിയ മോഡലിനില്ല. 300 സിസി ടൂ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 11500 ആര്‍പിഎമ്മില്‍ 38 ബിഎച്ച്പി പവറും 10000 ആര്‍പിഎമ്മില്‍ 26.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 2130 എംഎം നീളവും 800 എംഎം വീതിയും 1120 എംഎം ഉയരവും 1410 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 196 കിലോഗ്രാമാണ് ഭാരം. 16 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബെനലി 1911ലാണ് സ്ഥാപിതമാകുന്നത്. ഇറ്റലിയിലെ പെസാരോ ആയിരുന്നു ആസ്ഥാനം. ഇടക്കാലത്ത് സാമ്പത്തികപരമായി തകര്‍ന്ന ബെനലിയെ ചൈനീസ് കമ്പനിയായ ക്വിൻജിയാങ്ങാണ് കൈപിടിച്ചുയര്‍കത്തുന്നത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സോപയിൽ ടിആർകെ 502, ലിയോൺസിനോ സ്ക്രാംബ്ലർ മോഡലുകളുടെ പ്രദർശനം ബെനലി നടത്തിയിരുന്നു.