നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂപ്പര്‍ ബൈക്ക് നിരയില്‍ ഹോണ്ട അവതരിപ്പിച്ച ഐക്കണിക് മോഡലാണ് ഗോള്‍ഡ്‌വിങ്ങ്. മസിലും പെരുപ്പിച്ച് നില്‍ക്കുന്ന ഈ സുന്ദരന്‍ സൂപ്പര്‍ ബൈക്ക് പ്രേമികളുടെ ഇഷ്‍ടവാഹനങ്ങളില്‍ ഒന്നാണ്. ഗോള്‍ഡ് വിങ്ങിന്‍റെ പരിഷ്‍കരിച്ച പുതിയ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. 2015-ലാണ് അവസാനമായി പരിഷ്‌കരിച്ച ഗോള്‍ഡ്​വിങ് വിപണിയിലെത്തിയത്. എതിരാളികളില്‍ നിന്ന് മത്സരം വര്‍ധിച്ച സാഹചര്യത്തില്‍ രൂപത്തില്‍ പ്രകടമായ മാറ്റങ്ങള്‍ നല്‍കിയാണ് പുതിയ മോഡല്‍ എത്തുക.

നടക്കാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഒക്ടോബര്‍ 25-ന് ഹോണ്ട പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1975 മുതല്‍ നിരത്തിലെത്തിയ വിവിധ ഗോള്‍ഡ്‌വിങ്ങ്‌ തലമുറകള്‍ ഉള്‍ക്കൊള്ളിച്ച് കമ്പനി തയ്യാറാക്കിയ ടീസര്‍ വീഡിയോയിലാണ് ലോഞ്ചിങ് സംബന്ധിച്ച സൂചനയുള്ളത്.

നവീകരിച്ച രൂപത്തിനൊപ്പം പുതിയ എല്‍ഇഡി ഹെഡ്‌ലാംമ്പ്, കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍ക്കൊണ്ട ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ഇഗ്നീഷ്യന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ തുടങ്ങിയവ വാഹനത്തിലുണ്ടാകും.