റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയിലെത്തി. S, SE, HSE എന്നീ മൂന്ന് വകഭേദങ്ങളില്‍ 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെ വിലയില്‍ വാഹനം ലഭ്യമാകും.
ടാറ്റാ മോട്ടോഴ്സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയില്‍ റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും മികച്ച രൂപകല്‍പ്പനയിലും മികച്ച സാങ്കേതിക വിദ്യകളുമായിട്ടാണ് വെലാറിന്‍റെ വരവ്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുമാണ് മുഖ്യ സവിശേഷതകള്‍. ലേസര്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലൈറ്റ്.
ലാന്‍ഡ് റോവറിന്റെ ഇന്ത്യന്‍ നിരയില്‍ ഇവോക്കിനും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനും ഇടയിലാണ് വെലാറിന്റെ സ്ഥാനം. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും അകത്തളത്തെ പ്രൗഡി കൂട്ടും. ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയതാണ് ഉയര്‍ന്ന വകഭേദത്തിന്റെ ഇന്റീരിയര്‍. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ പതിപ്പിലും വെലാര്‍ ലഭ്യമാകും. 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വെലാര്‍ ലഭ്യമാകും.
2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും, ഒന്ന് 147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ടിലും . 236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും.
ബിഎംഡബ്യു X5, ഔഡി Q7, വോള്‍വോ XC 90, ജാഗ്വര്‍ എഫ്-സ്‌പേസ്, പോര്‍ഷെ മകാന്‍ എന്നിവയാണ് വെലാറിന്‍റെ ഇന്ത്യയിലെ എതിരാളികള്‍.
