ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടി മോഹവിലയില്‍ നാലു മോഡലുകള്‍

ഇന്ത്യയിലെ എംപിവി സെഗ്മെന്‍റിലെ ജനപ്രിയ വാഹനങ്ങളിലൊന്നാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. ക്വാളിസിനു പകരക്കാരനായി 2005 ൽ ഇന്ത്യയിലെത്തിയ ഇന്നോവ അന്നുമുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു. 2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ അവതരിച്ചപ്പോഴും ആ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വാഹനലോകത്തു നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ടൊയോട്ടയ്ക്ക് അത്ര സുഖകരമല്ല. ഇന്നോവയ്ക്ക് മുട്ടന്‍പണിയുമായി നിരവധി മോഡലുകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍. അവയില്‍ ചിലരെ പരിചയപ്പെടാം.

1. മഹീന്ദ്ര യു 321
യു 321 എന്ന കോഡ് നാമത്തില്‍ മഹീന്ദ്ര പുതിയ എംപിവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ രാജ്യാന്തര പങ്കാളി സാങ്‌യോങിന്‍റെ ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് പുതിയ എംപിവി എത്തുക. ഉയരം കൂടിയതാവും ഡിസൈന്‍. ഇന്‍റീരിയറില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.

1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിനാണ് ഹൃദയം. 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറുമാവും വാഹനത്തിന്. പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലും പ്രത്യേകതയാണ്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചതായാണ് വിവരം.

2. കിയ
ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയാകും കിയ മോട്ടോഴ്‍സിന്‍റെ ഗ്രാൻഡ് കാർണിവെൽ. കാരണം ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. സെഡോന എന്ന പേരിലാവും വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. . ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നാണ് കാർണിവെൽ.

200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനിത്തിന്‍റെ ഹൃദയം. ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളെ കാണാം. വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും എടുത്തുപറയണം.

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും വില നിയന്ത്രിക്കാന്‍ പ്രാദേശികമായാകും വാഹനത്തിന്‍റെ നിര്‍മ്മാണം കിയ പൂര്‍ത്തിയാക്കുക.

3. മിത്സുബിഷി എക്സ്പാന്‍ഡര്‍
എക്സ്പാന്‍ഡര്‍ എംപിവിയുടെ പുതിയ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷിയെത്തുന്നതും ടൊയോട്ടയ്ക്ക് തലവേദനായകും. ഇന്നോവ ക്രസ്റ്റിയെക്കാൾ അല്പം വലിപ്പം കുറവുള്ള 7 സീറ്റര്‍ വാഹനത്തിന് 4475mm നീളവും 1750mm വീതിയും 1700mm ഉയരവുമാണുള്ളത്. ഡ്യുവൽടോൺ ഇന്റീരിയർ, ഇൻഫോടെയിന്‍മെന്‍റ്, ടച്ച്സ്ക്രീൻതുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.

4. ജി 10
സായിക് മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള യുവി നിർമാതാക്കളായ മാക്സസിന്റെ ലക്ഷ്വറി എംപിവിയാണ് ജി 10. സായിക്ക് വാഹനങ്ങൾ എംജി ബ്രാൻഡിനു കീഴിൽ പുറത്തിറക്കുമ്പോൾ മാക്സസിന്റെ ജി10, എംജി ലോഗോയില്‍ ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് മാക്സസ് തങ്ങളുടെ രണ്ടാമത്തെ വാഹനമായ ജി 10 വിപണിയിലെത്തിച്ചത്. പെട്രോൾ, ഡീസൽ പതിപ്പുകളുള്ള ഈ വാഹനം ചൈനയിൽ തരംഗം സൃഷ്ടിച്ചിരുന്നു.