പഴയ കാർ വിൽക്കാനായി നമ്മള്‍ എന്താണ് ചെയ്യുക? പത്രത്തിൽ പരസ്യം നല്‍കുകയാണ് പതിവു രീതി. വാഹന ബ്രോക്കറെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ സൈറ്റുകളില്‍ പരസ്യം നല്‍കുകയോ ചെയ്യുന്നുവരുമുണ്ട്. സോഷ്യല്‍മീഡിയയിലെ കൂട്ടായ്മയിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്നതും ഇപ്പോള്‍ പതിവാണ്.
എന്നാൽ സ്വന്തം കാമുകിയുടെ 1996 മോഡൽ ഹോണ്ട അക്കോർഡ് കാര്‍ വില്‍ക്കാന്‍ കാലിഫോർണിയ സ്വദേശി മാക്സ് ലമാൻ കണ്ടെത്തിയ മാര്‍ഗം ആരെയുമൊന്ന് അമ്പരപ്പിക്കും. പുതിയ കാറിന്റെ പരസ്യങ്ങളെ വെല്ലുന്ന കിടിലനൊരു പരസ്യം ചിത്രീകരിച്ച് യൂ ട്യൂബിലിട്ടു മാക്സ്. ഈ പരസ്യം സൂപ്പർ ഹിറ്റായെന്നു മാത്രമല്ല 499 ഡോളർ വില ഇട്ടിരുന്ന കാറിന്‍റെ വില ഇരട്ടിയിലധികം ഉയരുകയും ചെയ്തു.
തന്‍റെ ഗേള്‍ഫ്രെണ്ടിനെ സഹായിക്കാനാണ് ഈ വീഡിയോ എന്ന വാക്കുകളോടെയാണ് മാക്സിന്‍റെ വീഡിയോ തുടങ്ങുന്നത്. പിയാനോയുടെ മനോഹരമായ ശബ്ദപശ്ചാത്തലത്തില്‍ മാക്സ് ലമാന്‍റെ കാമുകി ഈ കാറോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. കാലിഫോര്‍ണിയയിലെ തീരദേശത്തെ റോഡുകളിലൂടെ യുവതി വാഹനം ഓടിക്കുന്നതിന്‍റെ മനോഹരമായ ഏരിയല്‍ ഷോട്ടുകളാണ് വീഡിയോയെ വേറിട്ടതാക്കുന്നത്. കാറില്‍ അവള്‍ക്കൊപ്പം ഒരു പൂച്ചക്കുഞ്ഞും ചായപ്പാത്രവും മാത്രം. 141,095 മൈൽ ഓടിയ വാഹനമാണെന്നും ലേലം സ്റ്റാർട്ട് ചെയ്യുന്ന തുക 499 ഡോളറാണെന്നും വിഡിയോ വ്യക്തമാക്കുന്നു. ആഢംബരം എന്നത് ഒരു മാനസിക തലം (സ്റ്റേറ്റ് ഓഫ് മൈൻഡ്) ആണെന്ന് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.
മാക്സ് ലമാന്‍ തന്നെയാണ് വിഡിയോയുടെ സംവിധാനം. വാഹന ഉടമയും മാക്സിന്റെ കാമുകിയുമായ ആനി മേരിയാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ റിഫ്ലിയാണ് ഛായഗ്രഹണം.
യൂട്യൂബിൽ 37 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. അതോടെ ഇബേയിൽ ലേലത്തിൽ വെച്ച കാറിന്‍റെ വില 499 ഡോളറിൽ നിന്ന് 150,000 ഡോളർ വരെ ഉയര്‍ന്നു. എന്നാൽ അത്ര വലിയ വിലയ്ക്ക് വിൽക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ ഉടമ വീണ്ടും 499 ഡോളറിന്റെ ലേലം ആരംഭിച്ചെന്നും ഇപ്പോൾ എകദേശം 1600 ഡോളർ വരെ ഉയർന്നിട്ടുണ്ട് ലേലവിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

