ഇന്ത്യന്‍ യുവതക്ക് പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ പകര്‍ന്ന് നല്‍കിയ താരമാണ് തമിഴ്‍നടന്‍ മാധവന്‍. മാധവന്‍റെ സൂപ്പര്‍ ബൈക്കുകളോടുള്ള പ്രണയം വാഹനലോകത്തെ സജീവചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ഏറ്റവും വിലകൂടിയ ക്രൂസര്‍ ബൈക്കുകളിലെ രാജകുമാരന്‍ ഇന്ത്യന്‍ റോഡ്മാസ്റ്ററിന്റെ മാധവന്‍റെ ഗാരേജിലേക്കുള്ള വരവാണ് വാഹനലോകത്തെ പുതിയ വാര്‍ത്ത. ഏകദേശം 40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള റോഡ്മാസ്റ്റർ സ്വന്തമാക്കിയ വിവരം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.
1811 സിസി വി ട്വിന്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഈ സൂപ്പര്‍ ബൈക്കിന് കരുത്തു പകരുന്നത്. 2900 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്ക് ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 421 കിലോഗ്രാമാണ് ബൈക്കിന്‍റെ ആകെ ഭാരം. 140 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
മുന്നിലും പിന്നിലും അധികം സുരക്ഷ നല്‍കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ബൈക്കിലുണ്ട്. നാവിഗേഷന്‍, മ്യൂസിക് എന്നീ സംവിധാനങ്ങള്‍ അടങ്ങിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ്ഷീല്‍ഡ്, ഫ്ലോർ ബോര്‍ഡ്‌സ്, പിന്നില്‍ 64.4 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പേസും ഈ സൂപ്പര്‍ ബൈക്കിലുണ്ട്.
ബിഎംഡബ്യു K1200, ഡുക്കാട്ടി ഡയാവല്‍, യമഹ വി-മാക്‌സ് തുടങ്ങിയ ബൈക്കുകളാണ് മാധവിന്റെ ഗാരേജിലെ മറ്റ് സൂപ്പര്‍ ബൈക്കുകളില്‍ പ്രമുഖര്‍.
