ഓട്ടോയിലെത്തിയ ആരാധകയ്ക്ക് കാറിലിരുന്ന് സെൽഫി എടുത്തു നൽകി പുലിവാൽ പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ. ഫോട്ടോ വൈറൽ ആയതിനെ തുടർന്ന് മുംബൈ പൊലീസാണ് താരത്തിനോട് ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കാറിലിരുന്ന് താരം സെല്‍ഫി എടുക്കുന്നതിന്‍റെ ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. സിനിമയില്‍ ഇത്തരം സീനുകൾ ശരിയായിരിക്കാം എന്നാൽ മുംബൈയിലെ റോ‍ഡുകളിൽ ഇത് അനുവദിക്കാൻ‌ സാധിക്കില്ലെന്നും യുവാക്കളുടെ ആരാധന പാത്രമായ നിങ്ങളിൽ നിന്ന് കുറച്ചു കൂടി ഉത്തരവാദിത്വപരമായ നടപടികൾ പ്രതീക്ഷിക്കുന്നു എന്നുമാണ് പത്രത്തിൽ വന്ന ഈ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് മുംബൈ പൊലീസ് അറിയിച്ചത്. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ അടയ്ക്കണമെന്ന് എന്നും ഇനി ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

മുംബൈ പൊലീസിന്‍റെ ട്വീറ്റിന് വരുണ്‍ ധവാന്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. സെൽ‌ഫി എടുത്ത സമയത്ത് വാഹനം ചലിക്കുന്നില്ലായിരുന്നുവെന്നും തെറ്റു ചെയ്തതിൽ ക്ഷമ ചോദിക്കുന്നു എന്നും ഇനി ഇതാവർത്തിക്കില്ലെന്നുമാണ് വരുണിന്‍റെ മറുപടി.

എന്നാല്‍ പൊലീസിന്‍റെ നടപടിയെ പരിഹസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഇവര്‍ക്കെതിരെ കൂടി നടപടി എടുക്കൂവെന്നാണ് പലരും ആവശ്യപ്പെടുന്നത്.