കൊച്ചി: 1,500 രൂപയ്ക്ക് ബെംഗലൂരുവിലേക്ക് പറക്കാം. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായി എയർഏഷ്യ കൊച്ചിയിൽ സംഘടിപ്പിച്ച മേളയിലാണ് ആകർഷക ഓഫർ. മലേഷ്യ, തായ്‍ലാൻഡ് എന്നീ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ പറക്കാം.

കൊച്ചിയിൽ നിന്ന് വിമാനത്തിൽ ബെംഗലൂരുവിൽ പോയി തിരിച്ച് വരാൻ നൽകേണ്ടത് മൂവായിരം രൂപ മാത്രം. ഹൈദരാബാദിലേക്ക് 4,200 രൂപ. കൊച്ചി ലുലു മാളിൽ വിമാനക്കന്പനി എയർഏഷ്യ സംഘടിപ്പിച്ചിരിക്കുന്ന മേളയിലാണ് ആകർഷക ഓഫറുകൾ. കുറഞ്ഞ നിരക്കിൽ പറക്കണമെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ മേളയിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യണം. പറക്കാൻ ജൂലൈ 31ന് മുന്പുള്ള ഏത് ദിവസവും തെരഞ്ഞെടുക്കാം.

രാജ്യാന്തര റൂട്ടുകളിലും എയർഏഷ്യ 20 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വാലലംപൂരിലേക്ക് പോയിവരാൻ നൽകേണ്ടത് 7,700 രൂപ.ബാങ്കോക്കിലേക്ക് 8,800 രൂപ. കൊച്ചിയിലെ മേളയിലെത്തിയാൽ ടൂറിസം മലേഷ്യയുമായി ചേർന്നുള്ള പാക്കേജ് ടൂറുകളും സ്വന്തമാക്കാം. മലേഷ്യയിലെ പെനാഗിലേക്കും തിരിച്ചുമുള്ള യാത്രയും ഫോർസ്റ്റാർ ഹോട്ടലിൽ രണ്ട് ദിവസം താമസവും ചേർന്നുള്ള പാക്കേജിന് നികുതി കിഴിച്ച് 7,500 രൂപ മാത്രമാണ് നിരക്ക്. ക്വാലംലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും സമാന വിധത്തിൽ ആകർഷക പാക്കേജുകളുണ്ട്.