കൊച്ചി: പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തില്‍ ആഡംബരകാർ രജിസ്റ്റർ ചെയ്തു കേരളത്തിലോടി നികുതി തട്ടിച്ച കേസിൽ നടി അമല പോൾ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. 15 ആം തീയതി രാവിലെ 10 മണി മുതൽ ഒരുമണിവരെ ക്രൈംബ്രാഞ്ചിനു ചോദ്യം ചെയ്യാമെന്ന് ഹൈകോടതി അറിയിച്ചു.
പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്ത് 19 ലക്ഷം നികുതി വെട്ടിപ്പ് നടത്തിയയെന്നാണ് കേസ്. 1.12 കോടി വിലയുള്ള അമലയുടെ എസ് ക്ലാസ് ബെൻസ് 1.75 ലക്ഷം നികുതിയടച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം നികുതിയായി അടയ്ക്കേണ്ടിവരുമായിരുന്നു. മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് അമല പോൾ ഹാജരായിരുന്നില്ല. ഷൂട്ടിങ് തിരക്കായതിനാലാണ് ഹാജരാകാൻ സാധിക്കാത്തതെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് അപേക്ഷ നൽകുകയായിരുന്നു. മൂന്നാഴ്ചത്തെ സമയമാണ് അമല ആവശ്യപ്പെട്ടത്. അമല പോൾ നൽകിയ മുൻകൂർ ജാമ്യ ഹരജി 10 ദിവസങ്ങൾക്കുശേഷം പരിഗണിക്കും.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 18.75 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമുണ്ട്.
നടനും എം പിയുമായ സുരേഷ് ഗോപിയും നടന്‍ ഫഹദ് ഫാസിലും സമാന കുറ്റകൃത്യത്തിന് നിയമക്കുരുക്കിലാണ്. ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദ കാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര്‍ കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.
