തെലുങ്ക് സൂപ്പര്‍താരത്തെ ട്രോളി പുലിവാലുപിടിച്ച് രാജ്യത്തെ ആഭ്യനത്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയായിരുന്നു മഹീന്ദ്ര ബാലകൃഷ്ണയെ ട്രോളിയത്. വിഷ്ണു ചൈതന്യ എന്ന ട്വിറ്റർഉപയോക്താവ് ഷെയർ ചെയ്ത വിഡിയോയ്ക്ക് നല്‍കിയ മറുപടിയാണ് ആനന്ദ് മഹീന്ദ്രയ്ക്ക് വിനയായത്.

ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ജയ് സിംഹയില്‍ 1600 കിലഗ്രാം ഭാരമുള്ള മഹീന്ദ്ര ബൊലേറോ ഒറ്റകൈകൊണ്ട് പൊക്കുന്ന വിഡിയോ ക്ലിപ്പായിരുന്നു വിഷ്ണു ചൈതന്യ ഷെയര്‍ ചെയ്തത്. മഹീന്ദ്ര വർക് ഷോപ്പുകളിൽ ബൊലേറോ പരിശോധിക്കാന്‍ ഇനി മുതൽ ഹൈഡ്രോളിക് ലിഫ്റ്റിന്റെ ആവശ്യമില്ല എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി ട്രോൾ.

Scroll to load tweet…


എന്നാൽ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലായതോടെ ബാലകൃഷ്ണ ഫാന്‍സ് പ്രതിഷേധവുമായി രംഗത്തെത്തി. നിങ്ങൾക്ക് ബാലകൃഷ്ണയെ അറിയില്ലായിരിക്കും പക്ഷെ ഞങ്ങൾക്ക് അദ്ദേഹം സൂപ്പർതാരമാണെന്നും തങ്ങളുടെ ബല്ലയ്യയെ കളിയാക്കിയ ആനന്ദ് മഹീന്ദ്രയുടെ വാഹനങ്ങൾ ഇനി വാങ്ങില്ലെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.


ചിത്രത്തിൽ ഒരു പൊലീസ് ബൊലേറോയാണ് ബാലകൃഷ്ണ ഉയർത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി എംപിവി വിഭാഗത്തില്‍ മികിച്ച വില്‍പ്പന നേടുന്ന വാഹനമാണ് മഹീന്ദ്ര ബൊലേറോ. വാഹനത്തിന്‍റെ പുതിയൊരു മോഡലും മഹീന്ദ്ര അടുത്തകാലത്ത് വിപണിയിലെത്തിച്ചിരുന്നു. നിലവിൽ 2.5 ലീറ്റർ എൻജിനാണു ബൊലേറോയ്ക്ക് കരുത്തുപകരുന്നത്. 3200 ആർപിഎമ്മിൽ 63 ബിഎച്ച്പി കരുത്തും 1400-2200 വരെ ആർപിഎമ്മിൽ 195 എൻഎം ടോർക്കും ഈ എൻജിൻ സൃഷ്‍ടിക്കും.

ട്വിറ്ററിൽ ഏറെ ആരാധകരുള്ള ആളാണ് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം മംഗലാപുരം സ്വദേശിയായ വീട്ടമ്മയ്ക്ക് സഞ്ചരിക്കുന്ന ഭക്ഷണ ശാല തുടങ്ങാൻ ബൊലേറോ സമ്മാനിക്കുന്ന വിവരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.