കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം റോഡിലൂടെ വന്ന ബൈക്കര്‍മാരെയെല്ലാം തല്ലിച്ചതച്ചു. ചിക്ബെല്ലാപൂരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ചിക്ബെല്ലാപ്പൂര്‍ നന്തി ഉപചാറിന് സമീപം ബുലാലി ജംങ്ഷനിലെ ദേശീയപാതയില്‍ ബൈക്കിടിച്ച് പ്രദേശവാസിയായ പതിനൊന്നുകാരി മരിച്ചത്. അമിത വേഗതയില്‍ അശ്രദ്ധമായി സഞ്ചരിച്ച കെടിഎം റൈഡര്‍ ഇടിച്ചിട്ട പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.
സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ പ്രദേശവാസികള്‍ ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് ബുലാലി ജംങ്ഷനിലൂടെ കടന്നുപോകുന്ന എല്ലാ ബൈക്കര്‍മാരെയും തടഞ്ഞുനിര്‍ത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നു. റൈഡര്‍മാരെ ബൈക്കില്‍ നിന്നും വലിച്ചിഴച്ചു മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ യൂടൂബിലും സോഷ്യല്‍മീഡിയയിലും വൈറലാണ്. അപകടമുണ്ടാക്കിയ കെടിഎം RC390 ന്‍റെ റൈഡറെ ജനം കൈകാര്യം ചെയ്ത് മരത്തിനോട് ചേര്‍ത്ത് കെട്ടിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മരണത്തിനു കാരണമായ കെടിഎം RC390 യ്ക്ക് ഒപ്പം ഹാര്‍ലി-ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, ബിഎംഡബ്ല്യു R1200GS പോലുള്ള സൂപ്പര്‍ ബൈക്കുകളെല്ലാം ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായി. റൈഡര്‍മാരെ തല്ലിച്ചതച്ച ജനക്കൂട്ടം ബൈക്കുകളെയും നശിപ്പിച്ചു.
തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ബംഗളൂരുവില്‍ നിന്നും നന്തിയിലേക്കുള്ള ബൈക്ക് റൈഡര്‍മാരുടെ ഇഷ്‍ട സഞ്ചാരമാര്‍ഗമാണ് ഇത്. എല്ലാ വാരാന്ത്യങ്ങളിലും നിരവധി റൈഡര്‍മാരാണ് ബംഗളൂരുവില്‍ നിന്നും നന്തിയിലേക്ക് ഈ ദേശീയപാതയിലൂടെ കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

