മലയാളത്തിലെ പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവും ആശീർവാദ് സിനിമാസിന്‍റെ ഉടമയുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ യാത്രകള്‍ ഇനി ഈ സുഹൃത്തിനോടൊപ്പമാകും. തന്‍റെ ചിത്രങ്ങളായ നരസിംഹത്തിലും രാവണപ്രഭുവിലും മോഹന്‍ലാലിനോടൊപ്പം സഞ്ചരിച്ച ജീപ്പിനോട് പെരുമ്പാവൂരി ഇഷ്ടം കൂടുതലാണ്. ഒടുവില്‍ വാഹന ലോകത്തെ സൂപ്പര്‍ഹിറ്റ് എസ് യു വി ജീപ്പ് കോംപസ് ആണ് ആന്‍റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത്.

ജീപ്പ് കോംപസിന്‍റെ ഉയർന്ന വകഭേദമായ ലിമിറ്റഡാണ് ആന്‍റണിയുണ്ടേത്. നാലു വീൽ രണ്ട് വീൽ ഡ്രൈവ് മോഡുകളുള്ള കോംപസ് ലിമിറ്റഡിന്‍റെ എക്സ്ഷോറൂം വില 18.72 മുതലാണ് ആരംഭിക്കുന്നത്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുളള പ്രീമിയം എസ് യുവികളിലൊന്നും കോംപസ് തന്നെ.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. നടന്‍ ഉണ്ണി മുകുന്ദനും ശ്രീനിവാസനും പിന്നാലെയാണ് ആന്‍റണിയും കോംപസ് സ്വന്തമാക്കിയിരിക്കുന്നത്.

