ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972 ൽ ചേതക്കിനെ അവതരിപ്പിക്കുമ്പോള്‍ റാണാ പ്രതാപ് സിംഗിന്‍റെ കുതിരയായിരുന്നിരിക്കണം ബജാജിന്‍റെ മനസ്സില്‍. എന്തായാലും പുണെയിലെ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്ലാന്‍റില്‍ നിന്നും കുതിരയുടെ കരുത്തുമായിട്ടാണ് ചേതക് സാധാരണക്കാരന്‍റെ വാഹന സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങിയത്.
ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്. 145 സി സി ടു സ്ട്രോക്ക് എഞ്ചിന്‍. ഇടംകൈയ്യില്‍ ഷിഫ്റ്റ് ചെയ്യാവുന്ന ഫോര്‍ സ്പീഡ് ട്രാന്‍സ്മിഷന്‍. 80 കിലോമീറ്റര്‍ വേഗതയില്‍ കുതിപ്പ്. ഇരുചക്ര വാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനം.
എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ വേഗതയും നിയന്ത്രണവും നല്‍കുന്ന ഗിയര്‍ സംവിധാനവും മൈലേജും നല്‍കുന്ന ബൈക്കുകളും ഗിയര്‍ രഹിത സ്കൂട്ടറുകളും ഒഴുകിയിറങ്ങി. ഈ ഒഴുക്കിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ചേതക്കിനു കഴിഞ്ഞില്ല. അങ്ങനെ മൂന്നുപതിറ്റാണ്ട് നീണ്ട വിജയ യാത്ര 2006ല്‍ അവസാനിച്ചു. ചേതക്കിനെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ബജാജും ബൈക്ക് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.
എന്നാൽ പത്ത് വര്‍ഷത്തിനു ശേഷം 2016ല്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ പഴയ മധ്യവര്‍ഗ ഇന്ത്യനെ ഗൃഹാതുരതയിലേക്ക് വഴി നടത്തും. ചേതക്കുമായി സ്കൂട്ടർ സെഗ്മെന്റിലേയ്ക്ക് ബജാജ് തിരിച്ചെത്തുന്നുവെന്നാണ് വാര്‍ത്തകള്‍. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഴയ സ്റ്റൈലില്‍ സ്കൂട്ടർ തിരിച്ചെത്തുമെന്നു തന്നെയാണ് വാഹനലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
സ്കൂട്ടർ സെഗ്മെന്റിലെ മികച്ച വളർച്ചയാണ് ബജാജിനെ മാറി ചിന്തിക്കാൻ പ്രരിപ്പിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിവിധ നിർമാതാക്കൾ കൂടുതൽ സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കുന്നതിനാൽ ബൈക്ക് വിപണി പോലെ സ്കൂട്ടർ വിപണിയിൽ വൻകുതിച്ചു ചാട്ടമാണ് സംഭവിച്ചത്. അപ്പോള്‍ വന്ന വഴി മറക്കാതെ ബജാജ് തിരിച്ചു വരുന്നതില്‍ അദ്ഭുതമില്ല.
പ്രീമിയം സെഗ്മെന്റിലേയ്ക്കായിരിക്കും ചേതക്ക് എത്തുക എന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അപ്രീലിയ, വെസ്പ സ്കൂട്ടറുകളുമായി കിടപിടിക്കുന്ന ഒരു പ്രീമിയം പ്രൊഡക്ടാണ് ബജാജിന്‍റെ ലക്ഷ്യമെന്നാണ് സൂചന. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍ എന്നിങ്ങനെ ഒരു കൂട്ടം എതിരെളികളെയും നിരത്തിലും വിപണിയിലും പുത്തന്‍ ചേതക്കിനു പ്രതീക്ഷിക്കാം.
വാഹനത്തിന്‍റെ എന്‍ജിൻ കപ്പാസിറ്റിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടില്ല. ഭാരംകുറഞ്ഞ ചാസിയും നൂതനരീതിയിലുള്ള ബ്രേക്കും സസ്പെൻഷനുമായിരിക്കും പുത്തൻ തലമുറ ചേതകിന്റെ വലിയ സവിശേഷതകളെന്നാണ് അറിയുന്നത്.
ഫോര്‍സ്ട്രോക്ക് എയര്‍കൂള്‍ഡ് 125 സിസി എഞ്ചിനോ അല്ലെങ്കില്‍ 150 സിസി എഞ്ചിനോ ആയിരിക്കും വാഹനത്തിന് കരുത്തേകുക. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനം പുറത്തിറങ്ങിയ ചേതക്കിന് 145 സിസി ടു സ്ട്രോക്ക് എഞ്ചിന്‍7.5 എച്ച്.പി കരുത്തും 10.7 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്. 4 സ്‍ട്രോക്ക് എഞ്ചിനും ലഭ്യമായിരുന്നു. അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന സ്കൂട്ടറിന്റെ വില 70000 രൂപ 90000 രൂപ വരെ ആയിരിക്കും.
തോല്‍വിയറിയാത്ത പുരാതന രാജാവ് പ്രതാപ് സിംഗിന്‍റെ കുതിരയെപ്പോലെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ചേതക് തിരികെയെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 6:34 PM IST
Post your Comments