നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ ആഗ്രഹിച്ച സമ്മാനം കൈമാറും. കടൽത്തീരത്തുകൂടി യാത്രചെയ്തു കടൽജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന ഗാൽ-മൊബൈൽ എന്ന വാഹനമാണ് നെതന്യാഹു, മോദിക്ക് സമ്മാനിക്കുക. ഇക്കഴിഞ്ഞ ഇസ്രയേൽ സന്ദര്‍ശനത്തിനിടെ മോദിയെ ദോര്‍ ബീച്ചിലേക്കു കൂട്ടിക്കൊണ്ടുപോയ നെതന്യാഹു, ഗാൽ-മൊബൈൽ വാഹനം പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. അതിന്റെ പ്രവര്‍ത്തനരീതി, നെതന്യാഹു നേരിട്ട് മോദിക്ക് വിവരിച്ചുകൊടുത്തിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം, ഭൂകമ്പം പോലെയുള്ള പ്രകൃതിദുരന്തം, യുദ്ധംപോലെയുള്ള സൈനികനടപടി എന്നിവ ഉണ്ടാകുന്ന സ്ഥലത്ത് ഏറെ ഗുണകരമായി ഉയര്‍ന്ന നിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഗാൽ-മൊബൈൽ. ഞായറാഴ്‌ച ഇന്ത്യയിലെത്തുന്ന നെതന്യാഹു, കപ്പൽമാര്‍ഗം എത്തിക്കുന്ന ഗാൽ-മൊബൈൽ ദില്ലിയിൽവെച്ച് മോദിക്ക് സമ്മാനിക്കും.

എന്താണ് ഗാൽ-മൊബൈൽ

ജി.എ.എൽ വാട്ടര്‍ ടെക്നോളജീസ് എന്ന സ്ഥാപനമാണ് ഗാൽ-മൊബൈൽ എന്ന കടൽവെള്ള ശുദ്ധീകരണവാഹനം വികസിപ്പിച്ചെടുത്തത്. കടൽജലം ഉയര്‍ന്ന നിലവാരത്തിലുള്ള കുടിവെള്ളമാക്കി മാറ്റാൻ ഗാൽ-മൊബൈലിന് അനായാസം സാധിക്കും. പ്രതിദിനം 20000 ലിറ്റര്‍ കടൽവെള്ളം ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും. രണ്ടു പേര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ വാഹനം, 30 മിനിട്ടുകൊണ്ടാണ് ശുദ്ധീകരണം പൂര്‍ത്തിയാക്കി, കുടിവെള്ളമാക്കി മാറ്റുന്നത്. ഒരു തവണ ഇന്ധനം നിറച്ചുകഴിഞ്ഞാൽ 60 മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാൻ ഇതിന് കഴിയും. ഒരുതവണത്തെ ഇന്ധനം ഉപയോഗിച്ച് 120 കിലോമീറ്റര്‍ വേഗതയിൽ 1000 കിലോമീറ്റര്‍ വരെ പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കും.