ഒരു ഇരുചക്രവാഹനത്തില്‍ എത്രപേര്‍ക്ക് സഞ്ചരിക്കാം. പരമാവധി രണ്ടുപേർക്കെന്നാണ് നിയമപരമായ ഉത്തരം. എങ്കിലും ചിലപ്പോഴൊക്കെ മൂന്നു പേർ സഞ്ചരിക്കുന്നതും കാണാം. ഓവർലോഡുമായി വരുന്ന ബൈക്കുകളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും. എന്നാൽ ഒരു ബൈക്കിൽ ഏഴു പേർ കയറി വന്നാല്‍ എന്താവും സ്ഥതി? പൊലീസുകാര്‍ പോലും അമ്പരന്നു നിന്നു പോകും.

കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. ആ ബൈക്കുകാരനോടുള്ള പൊലീസിന്റെ പെരുമാറ്റമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അങ്ങ് ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. നിറയെ ആളുകളുമായി വരുന്ന ബൈക്ക് കണ്ട ലാൽഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജായ അശോക് കുമാറും സംഘവും ഞെട്ടി. ഭർത്താവും ഭാര്യയും അഞ്ച് കുട്ടികളും അടക്കം ഏഴു പേരായിരുന്നു ബൈക്കില്‍. രണ്ടു കുട്ടികളെ മുന്നിലെ പെട്രോൾ ടാങ്കിലും മൂന്നു കുട്ടികളേയും ഭാര്യയേയും പിന്നിലും ഇരുത്തിയാണ് ഇയാൾ ബൈക്ക് ഓടിച്ചത്. പൊലീസിനെ കണ്ടപ്പോള്‍ ഇയാളുടെ ഭാര്യ ഇറങ്ങി നടന്നു.

ഇതു കണ്ട് കൈകൂപ്പി ട്രാഫിക് നിയമം പാലിക്കൂ എന്ന് പറയാന്‍ മാത്രമേ അശോക് കുമാറിന് കഴിഞ്ഞുള്ളൂ. ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബൈക്ക് ഓടിക്കുന്നയാള്‍ മാത്രമാണ് ഹെല്‍മറ്റ് ഉപയോഗിച്ചിട്ടുള്ളതെന്നും അപകടമാണെന്ന് അറിഞ്ഞുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് സങ്കടകരമാണെന്നും പൊലീസ് പറയുന്നു.

ഇത്തരം സംഭവങ്ങൾ നേരത്തെയും അരങ്ങേറിയിരുന്നു. ആന്ധ്രാപ്രദേശിലായിരുന്നു ഒടുവില്‍ ഇത്തരം സംഭവം അരങ്ങേറിയത്. രണ്ടു കുട്ടികൾ അടക്കം അഞ്ചു പേരെ വെച്ച് ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ആളുടെ നേരെ നോക്കി കൈകൂപ്പുന്ന ആന്ധ്രാ പൊലീസുകാരന്‍റെ ചിത്രമാണ് അടുത്തകാലത്ത് വൈറലായത്.