കോഴിക്കോട്: കുറ്റ്യാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ സമ്മതിക്കാതെ റോഡിന് നടുവിലൂടെ വാഹനമോടിച്ച യുവാവിനെതിരേ കേസെടുക്കും. മൂന്ന് യുവാക്കള്‍ ഒരു സ്കൂട്ടറില്‍ റോഡിന് നടുവിലൂടെ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നാണ് ഈ കാഴ്ച. കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസിനെ മറികടക്കാന്‍ സമ്മതിക്കാതെ സ്കൂട്ടറോടിക്കുകയാണ് യുവാവ്. ബസിലുള്ള ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബുധനാഴ്ച നടന്ന ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഡ്രൈവര്‍ പ്രബീഷ് നാദാപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിന്ദു എന്നയാളുടെ പേരിലുള്ളതാണ് ഈ സ്കൂട്ടര്‍. ഇവരുടെ മകനാണ് സ്കൂട്ടര്‍ ഓടിച്ചതെന്നാണ് നിഗമനം. വെള്ളിയാഴ്ച ഇവരോട് പോലീസ് സ്റ്റേഷനില്‍ ഹാജറാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വടകര എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒയും വ്യക്തമാക്കി. ഹെല്‍മറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിക്കല്‍, രണ്ടിലധികം പേരെ വച്ച് സ്കൂട്ടര്‍ ഓടിക്കല്‍, റോഡിന് നടുവിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാവും പ്രധാനമായും ചുമത്തുക.
