ആഗോള ആഡംബരകാര്‍ വിപണിയിൽ കുതിപ്പിന്റെ വര്‍ഷമായിരുന്നു 2017. വൻ നേട്ടം കൈവരിച്ചായിരുന്നു പ്രമുഖ ജര്‍മ്മൻ കമ്പനിയായ ബിഎംഡബ്ല്യൂവിന്റെ കുതിപ്പ്. എന്നാൽ ഈ കുതിപ്പിനിടയിലും വിപണിയിലെ മേധാവിത്വം കൈവിടാതെ മെഴ്സിഡസ് ബെൻസ് പിടിച്ചുനിന്നു എന്നതാണ് ശ്രദ്ധേയം. ബിഎംഡബ്ല്യൂ മോഡലുകളുടെ വിൽപനയിൽ 4.2 ശതമാനം വര്‍ദ്ധനവുണ്ടായി. 2.09 മില്യണ്‍ യൂണിറ്റ് കാറുകളാണ് ബിഎംഡബ്ല്യൂ 2017ൽ വിറ്റഴിച്ചത്. എന്നാൽ 9.9 ശതമാനം വിൽപന രേഖപ്പെടുത്തിയ ബെൻസ് 2.29 മില്യണ്‍ യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചാണ് വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബെൻസ് ആംഡബര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഈ രണ്ട് കമ്പനികള്‍ക്ക് പിന്നിൽ ഫോക്‌സ്‌വാഗണ്‍, ഓഡി എന്നീ മോഡലുകളാണുള്ളത്. ഒരു ദശാബ്ദത്തോളം ആഡംബരകാര്‍ വിപണിയിലെ ഒന്നാമൻമാരായിരുന്ന ബിഎംഡബ്ല്യൂ 2016ലാണ് ബെൻസിന് പിന്നാലിയപ്പോയത്. എന്നാൽ 1-സീരീസ് മോഡൽ വൻ ഹിറ്റായി മാറിയതോടെയാണ് ബിഎംഡബ്ല്യൂ 2017 മികച്ച നേട്ടമുണ്ടാക്കിയത്. ഈ നേട്ടം 2018ലും തുടരാനായാൽ ബെൻസിനെ മറികടക്കാനാകുമെന്നാണ് ബിഎംഡബ്ല്യൂ കമ്പനി പ്രതീക്ഷിക്കുന്നത്.