കണ്ണൂര്‍: കണ്ണൂരില്‍ എഞ്ചിന്‍ നിലച്ച യാത്രാബോട്ട് കടലിലേക്കൊഴുകി. ബോട്ടിലെ യാത്രക്കാരെ മത്സ്യബന്ധനതൊഴിലാളികള്‍ രക്ഷിച്ചതിനാല്‍ വന്‍ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അഴീക്കലില്‍ ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.

മാട്ടൂലില്‍ നിന്ന് അഴീക്കലിലേക്ക് വന്ന യാത്രാബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്. 45 പേരുണ്ടായിരുന്നു ബോട്ടില്‍. എന്‍ജിന്‍ തകരാറാണ് അപടത്തിന് കാരണം. എന്‍ജിന്‍ നിലച്ച നിന്നുപോയ ബോട്ട് തുടര്‍ന്ന് ഒഴുക്കിനൊപ്പം കടലിലേക്ക് ഒഴുകാന്‍ തുടങ്ങി. ഇതോടെ ബോട്ടില്‍ നിന്ന് കൂട്ടക്കരച്ചിലുയര്‍ന്നു. ഈ സമയത്താണ് മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ടിലെ മുഴുവന്‍ യാത്രക്കാരേയും തങ്ങളുടെ ബോട്ടുകളില്‍ കയറ്റി മത്സ്യബന്ധന തൊഴിലാളികള്‍ കരക്കെത്തിക്കുകയായിരുന്നു.

ബോട്ട് അപകടത്തില്‍പ്പെട്ട വാര്‍ത്ത കൈമാറിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് തയാറായില്ലെന്ന് ആരോപിച്ച് ബോട്ടിലെ യാത്രക്കാര്‍ പ്രതിഷേധിച്ചു. കോസ്റ്റൽ പോലീസ് സമയത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.