Asianet News MalayalamAsianet News Malayalam

കേട്ടതൊക്കെ ശരിയാണ്, അവിടെ ശരിക്കും ആത്മാക്കളുണ്ട്!

  • ബോണക്കാട് യാത്ര
  • വേറിട്ട യാത്രാനുഭവവുമായി സഞ്ചാരി
Bonacaud Travelogue By Sanchari

Bonacaud Travelogue By Sanchari

നേരം പുലരാത്ത നേരം. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍. ബോണക്കാട്ടേക്കുള്ള ബസ് ഇതുവരെ ട്രാക്കില്‍ എത്തിയിട്ടില്ല.  അല്‍പ്പനേരത്തിനകം എത്തുമെന്നും 5 മണിക്ക് പുറപ്പെടുമെന്നും എന്‍ക്വയറി കൗണ്ടറില്‍ നിന്നും കട്ടായം പറഞ്ഞിട്ടുണ്ട്. ചായക്കടയില്‍ നിന്നും ചുടുചായ മൊത്തിക്കുടിച്ചു നില്‍ക്കുമ്പോള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി കേട്ടുപഴകിയ ഈ കഥകളോരോന്നും വീണ്ടും ഓര്‍ത്തു. കൂറ്റന്‍ ക്രിസ്മസ് ട്രീ, ചാര നിറമുള്ള ബംഗ്ലാവ്, കുട്ടിയുടെ നിലവിളി.

ചിന്തകളെ മുറിച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒച്ച പൊങ്ങി. ലോക കപ്പ് ഫുട്ബോളിനെക്കുറിച്ചാണ് സംസാരം. വെള്ളയും നീലയും ചായം പൂശിയ ബസുകളെ ചൂണ്ടി അര്‍ജ്ജന്‍റീനയുടെ ജഴ്സിയണിഞ്ഞ ആനവണ്ടിയെന്ന് ഒരുത്തന്‍. വാട്സ് ആപ്പ് തമാശയുടെ കോപ്പി പേസ്റ്റ്. അതിനിടെ ബോണക്കാടിന്‍റെ ട്രാക്കിലേക്ക് ഒരു ബസ് ഇരമ്പിയെത്തി. അവന്‍ പറഞ്ഞതുപോലെ അര്‍ജന്‍റീനിയന്‍ ജഴ്സയണിഞ്ഞ ഒരു കുട്ടിബസ്. സീറ്റൊപ്പിച്ച് മൊബൈല്‍ തലപൂഴ്ത്തി. ലെയ്‍ലന്‍ഡ് ബസുകളെപ്പോലെ സ്റ്റാറ്റസുകളും ഇരമ്പിക്കയറി വന്നു. ഭൂരിപക്ഷവും വേള്‍ഡ് കപ്പ് അനുബന്ധ സ്റ്റാറ്റസുകള്‍. സ്വന്തം ടീമുകളെപ്പറ്റിയുള്ള അവകാശവാദങ്ങള്‍, എതിരാളികളെക്കുറിച്ചുള്ള പുച്ഛം, പരിഹാസം, കൂക്കുവിളികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്കുകള്‍ കൊണ്ടുള്ള കാല്‍പ്പന്തുകളിയാണല്ലോ ഇവിടെ നടക്കുന്നതെന്ന് ഓര്‍ത്തു. സോഷ്യല്‍ മീഡിയയുടെ സ്വഭാവമോര്‍ത്തു. ബസ് അനങ്ങിത്തുടങ്ങി.

പാതിരാത്രിയിലെ ബോധോദയം
കുറേക്കാലമായി യാത്രാ ഗ്രൂപ്പുകളിലെ പതിവു പല്ലവിയാണ് ബോണക്കാട്. സോഷ്യല്‍ മീഡിയയാണ് ചുരുങ്ങിയ കാലം കൊണ്ട് ഈ ദേശത്തെ ഇങ്ങനെ ഹിറ്റാക്കിയത്.  കേരളത്തിലെ ഭീകരസ്ഥലങ്ങള്‍ എന്നു ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ആദ്യമെത്തുന്ന ദേശം. ബോണക്കാടിന്‍റെ പേരിലെ ആദ്യാക്ഷരങ്ങള്‍ മാത്രം മതി ഗൂഗിളിന് ആ കഥകളൊക്കെ വിരല്‍ത്തുമ്പിലെത്തിക്കാന്‍. പ്രേതസാനിധ്യം തെളിയിക്കുന്നതു തൊട്ട് ആ ബംഗ്ളാവില്‍ താമസിച്ച് ഒക്കെയും തട്ടിപ്പാണെന്ന് തെളിയിക്കുന്ന അനുഭസാക്ഷ്യങ്ങള്‍ വരെ മുമ്പിലെത്തും. എന്നാല്‍ ഈ രണ്ടു ഗണത്തിലും പെട്ട ഭൂരിഭാഗം കഥകളും കോപ്പി പേസ്റ്റുകളായിരിക്കുമെന്നതാണ് രസകരം. കൂടാതെ ഒരുകെട്ട് യൂടൂബ് വീഡിയോകള്‍ ഉള്‍പ്പെടെ പലവിധ സാധനങ്ങള്‍ വേറെയുമുണ്ടാകും.

Bonacaud Travelogue By Sanchari

തിരുവനന്തപുരത്തെ ജീവിതം തുടങ്ങിയ കാലം മുതല്‍ ബോണക്കാടേക്കുള്ള യാത്ര ചിന്തകളിലുണ്ട്. എന്നാല്‍ സഞ്ചാരികളുടെ തള്ളിക്കയറ്റവും ഇത്തരം കഥകളുടെ അതിപ്രസരവും വിലക്കിക്കൊണ്ടിരുന്നു. ഒരാളെങ്കിലും അങ്ങോട്ടു പോകാതിരുന്നാല്‍ ആ നാടിന് അത്രയെങ്കിലും ഗുണകരമായേക്കുമെന്നു കരുതി. എന്നാല്‍ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടത്തില്‍ നിന്നുള്ള ദുരിതവാര്‍ത്തകളും സമീപകാലത്തെ കുരിശുമലകയറ്റവുമായി ബന്ധപ്പെട്ട സംഭവങ്ങളും കൂടിയായപ്പോള്‍ പോകണമെന്നുറപ്പിച്ചു. അങ്ങനെയാണ് നട്ടപ്പാതിരയ്ക്ക് ബോധോദയമുണ്ടാകുന്നത്. അതിരാവിലെ എഴുന്നേറ്റ് ബസു പിടിക്കുന്നത്.

ഇരുട്ടിനെ കീറിമുറിച്ച് നെടുമങ്ങാടും കടന്ന് പായുകയാണ് ബസ്. നേരം വെളുപ്പിക്കാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച, കൂട്ടത്തില്‍ പേരുകേട്ട ആ ഭീകരകഥയുടെ ബാക്കി ഭാഗവും കൂടി ഗൂഗിളില്‍ നിന്നും കോപ്പിയെടുത്തു മനസിലേക്ക് പേസ്റ്റ് ചെയ്തു . അക്കഥ ഇങ്ങനെ.

അരനൂറ്റാണ്ടു മുമ്പായിരുന്നു ആ സംഭവം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ പുതിയൊരു ബംഗ്ലാവ് പണിത് കുടുംബസമേതം അതിലേക്ക് താമസം മാറി. എന്നാല്‍ താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതോടെ സായിപ്പും കുടുംബവും ലണ്ടനിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ തുടര്‍ന്ന് ഈ ബംഗ്ലാവില്‍ താമസിക്കാനെത്തിയ പലര്‍ക്കും ദുരനുഭവങ്ങളുണ്ടായി. രാത്രി കാലങ്ങളില്‍ അകത്തും പരിസരങ്ങളിലുമൊക്കെ ഒരു പെണ്‍കുട്ടിയുടെ രൂപത്തെ കണ്ടു. അലര്‍ച്ചകളും നിലവിളികളും കേട്ടു.

അതോടെ ഇവിടം ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍ അര്‍ദ്ധരാത്രിയിലെ നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ജനല്‍ചില്ലുകള്‍ തകരുന്ന ശബ്ദവും തുടര്‍ന്നു. ഒരിക്കല്‍ വിറകു ശേഖരിക്കാന്‍ ഇവിടെയെത്തിയ നാട്ടുകാരിയായ ഒരു പെണ്‍കുട്ടി അസാധാരണമായ പെരുമാറ്റങ്ങളോടെ തിരിച്ച് വീട്ടിലെത്തി. ജീവിതത്തില്‍ പള്ളിക്കൂടം കാണാത്ത അവള്‍ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അതും പാശ്ചാത്യ ശൈലിയില്‍. ദിവസങ്ങള്‍ക്കകം ഈ പെണ്‍കുട്ടിയും മരിച്ചു. എന്നാല്‍ ഇതേ കഥയുടെ മറ്റൊരു വേര്‍ഷനില്‍ അര്‍ദ്ധരാത്രിയില്‍ ബംഗ്ലാവിന്‍റെ ഗേറ്റില്‍ വന്നു നില്‍ക്കുന്നത് ഒരു ആണ്‍കുട്ടിയുടെ രൂപമാണ്. കഥ നടക്കുന്നതോ പത്തിരുന്നൂറു കൊല്ലം മുമ്പും. അതായത് സുക്കറിനു പോലും പിടികിട്ടാനിടയില്ല സാമൂഹ്യ മാധ്യമപ്രവര്‍ത്തകരുടെ മനസിന്‍റെ അല്‍ഗോരിതമെന്ന് ചുരുക്കം.

എന്തായാലും പുലരി വെട്ടം വീണു തുടങ്ങി. ഒപ്പം കഥകളെ നനയിച്ച് കൊടുംമഴയും. അതിനിടെ വിതുരയും ജഴ്സി ഫാമും പിന്നിട്ട് ബസ് കാടു കയറിത്തുടങ്ങി. എല്ലാ കാടുകളെയും പോലെ ആ കാടും മഴയില്‍ കുതിര്‍ന്നു നിന്നു; എല്ലാ പ്രേത കഥകളെയും പോലെ കെട്ടിലും മട്ടിലുമൊന്നും യാതൊരു മാറ്റവുമില്ലാതെ. ചെക്ക് പോസ്റ്റില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ബസിനുകൈനീട്ടി. സൈഡ് സീറ്റിലിരുന്ന ഒരു സ്ത്രീ അയാള്‍ക്കൊരു കവര്‍ തിരികെയും നീട്ടി. മാറി ധരിക്കാനുള്ള വേഷങ്ങളാവണം. വീട്ടില്‍ നിന്നും ആരെങ്കിലും കൊടുത്തയച്ചതാവും.

വീതി കുറഞ്ഞതെങ്കിലും ടാര്‍ നിറഞ്ഞ റോഡ്. ചെക്ക് പോസ്റ്റിനു സമീപം ഒരു വെള്ളച്ചാട്ടത്തിന്‍റെ പ്രഖ്യാപിത ബോര്‍ഡ് കണ്ടു. എന്നാല്‍  വഴി നീളെ അപ്രഖ്യാപിത വെള്ളച്ചാട്ടങ്ങളുടെ പെരുങ്കളിയാട്ടം. നൂല്‍ വലിപ്പത്തിലും മനുഷ്യ വലിപ്പത്തിലും പെരും മരത്തിന്‍റെ വലിപ്പത്തിലുമൊക്കെ പലയിടങ്ങളിലൂടെയും വെളുത്തു പതഞ്ഞ ജലം ഒഴുകിക്കൊണ്ടിരുന്നു. മഴയുടെ സമ്മാനം. വിരലിലെണ്ണിയപ്പോള്‍ വിരലു തീര്‍ന്നു. മനസിലെണ്ണിയപ്പോള്‍ അകം നനച്ച് ഒരു പെരും പുഴ ഒഴുകി. ഇടയ്ക്ക് നിരപ്പ്. ചിലപ്പോള്‍ കൊടുംവളവ്. കുത്തുകയറ്റങ്ങള്‍. മഴയിലിടിഞ്ഞു വീണുകിടക്കുന്ന കൂറ്റന്‍ കല്ലുകള്‍. കാറ്റിലൊടിഞ്ഞ മരക്കൊമ്പുകള്‍. എല്ലാ വനപാതകളെയും പോലെ തന്നെയായിരുന്നു ആ വനപാതയും.

Bonacaud Travelogue By Sanchari

കോടമഞ്ഞിനിടയില്‍ വഴിയുടെ വലതുവശത്തൊരു ക്ഷേത്രം. കുരിശുകളും കണ്ടു തുടങ്ങി. കുറ്റിക്കാടുകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന തെയിലച്ചെടികളെയും കണ്ടു. ഒരു ജംഗ്ഷനിലെത്തി ബസ് നിന്നു. ബോണക്കാട്ടെ പോസ്റ്റോഫീസ് സ്റ്റോപ്പാണിത്. ഈ ബസ് ബോണക്കാട് ടോപ്പു വരെ പോകും. പോസ്റ്റ് ഓഫീസിനരികെ ഇറങ്ങണമെന്നാണ് ഫോണിലൂടെ മാഹിന്‍  പറഞ്ഞിരുന്നത്. എസ്റ്റേറ്റിലെ ഇടതു യൂണിയന്‍ നേതാവാണ് മാഹിന്‍. എന്നാല്‍ വളഞ്ഞുപുളഞ്ഞ് റോഡങ്ങനെ മുകളിലേക്കു കിടക്കുന്നതു കണ്ടപ്പോള്‍ മാഹിനെ പിന്നെ കാണാമെന്നു തീരുമാനിച്ചു.

അജ്ഞാത ശബ്ദം
തകര്‍ന്നു കിടക്കുന്ന ലയങ്ങള്‍ക്കിടയിലൂടെ ബസ് പിന്നെയും കുന്നുകയറി. ബസില്‍ ബാക്കിയുണ്ടായിരുന്ന കുറച്ചു സ്ത്രീകള്‍ വഴിയിലെവിടെയൊക്കെയോ അപ്രത്യക്ഷരായി. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്നു ജീവബിന്ദുക്കള്‍ മാത്രം അതില്‍ ബാക്കിയായി. പത്തു മിനുട്ടെടുത്തു ടോപ്പിലെത്താന്‍. അംഗന്‍വാടിയും സ്കൂളും കഴിഞ്ഞ വളവില്‍ അവസാന ജീവബിന്ദുവിനെയും ഇറക്കി വിട്ട് വട്ടം തിരിച്ച് ബസ് വന്നവഴി മഞ്ഞിനപ്പുറം മറഞ്ഞു.

Bonacaud Travelogue By Sanchari

സമയം 7.30. എവിടെയും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല. എത്രയോ കാലത്തിനു ശേഷമാണെന്നോ ഇങ്ങനൊരു ഏകാന്തത! മഞ്ഞും മഴയും ചേര്‍ന്ന് അരണ്ട വെളിച്ചത്തില്‍ വിളറി നില്‍ക്കുകയാണ് പ്രകൃതി. തൊട്ടു താഴെ അലറിപ്പായുന്ന പുഴ. അത് ശൂന്യതയില്‍ നിന്നാണ് പൊട്ടിവരുന്നതെന്നു തോന്നി. കോടയില്‍ പുതച്ച മണ്ണും മരങ്ങളും പാറക്കൂട്ടങ്ങളും താഴ്വരകളും. അതിനിടെ പലതരം ശബ്ദങ്ങള്‍. വേറിട്ടു കേള്‍ക്കുന്ന എന്തോ ഒരു ശബ്ദം കാതിലുടക്കി. അതിങ്ങനെ ഇടയ്ക്കിടെ ഉയര്‍ന്നും പിന്നെ താണും കേട്ടു. ചിലപ്പോള്‍ തൊട്ടരികെ, ഈ തേയിലക്കാടുകള്‍ക്കപ്പുറം. മറ്റുചിലപ്പോള്‍ അങ്ങകലെ, ആ കുന്നിന്‍ ചെരുവിനും അപ്പുറം. പേടി തോന്നി. ചിലപ്പോള്‍ പേരറിയാത്ത ഏതെങ്കിലും ഒരു പക്ഷിയാവും. അല്ലെങ്കില്‍ വളര്‍ച്ച മുറ്റിയ തേയിലക്കാടുകളില്‍ കാറ്റുപിടിക്കുന്നതാവും. മൊബൈലെടുത്തു നോക്കി. കവറേജ് ഒട്ടുമില്ല.

കാടിന്‍റെ തുടക്കത്തില്‍ കാട്ടുപോത്തുകളും ആനകളുമുണ്ടെന്നു കേട്ടിരുന്നു. കരടികളുമുണ്ട്. തിരികെ താഴേക്കു നടന്നാലോ എന്നാലോചിച്ചു. എന്നാല്‍ ഈ പ്രദേശങ്ങള്‍ ജനവാസകേന്ദ്രങ്ങളാണല്ലോ എന്നു സ്വയം സമാധാനിപ്പിച്ചു. പതിയെ മുകളിലേക്കു തന്നെ നടന്നു. ഓരോ വളവിലും നടപ്പ് ഇവിടെ അവസാനിപ്പിക്കണമെന്നു കരുതി. പക്ഷേ തിരിച്ചറിയാനാവാത്ത എന്തോ ഒരു കൗതുകവും ഒളിപ്പിച്ച് തൊട്ടപ്പുറമുള്ള ഓരോരോ വളവുകളും പേരുചൊല്ലി വിളിച്ചു. പുഴ കടന്നു. കരിമ്പാറക്കൂട്ടം കടന്നു. നടവഴി പലതും കടന്നു. മുകളില്‍ പൊട്ടുപോലെ ലയങ്ങള്‍. അവിടെയെത്തണമെങ്കില്‍ ഇനിയും നടക്കണം. മനസിനെ നിയന്ത്രിച്ച് ഒടുവില്‍ തിരിച്ചു നടന്നു.

ഇപ്പോള്‍ തേയില അല്ല കൃഷി
അങ്ങനെ വീണ്ടും സ്കൂളിനരികിലെത്തുമ്പോള്‍ കൈയ്യില്‍ ഒരു വലിയ കൂണുമായി ഒരാള്‍ വരുന്ന കണ്ടു. വിന്‍സെന്‍റ്. ടോപ്പ് ഡിവിഷനിലെ താമസക്കാരന്‍. തേയിലത്തോട്ടത്തിലെ പണിക്ക് ബ്രിട്ടീഷുകാര്‍ തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന തൊഴിലാളികളുടെ പിന്‍ഗാമി. തിരുനെല്‍വേലിയില്‍ വേരുകള്‍. ഇവിടെയാണ് ജനിച്ചു വളര്‍ന്നത്. കമ്പനിയുടെ കാര്‍പെൻററായിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്നവഴിയാണ്. തമിഴ് കലര്‍ന്ന മലയാളത്തില്‍, പറഞ്ഞു മടുത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

രാജഭരണകാലത്ത് ഇവിടെ കാട് വെട്ടി തെളിച്ച് ബ്രിട്ടീഷുകാര്‍ തേയിലത്തോട്ടമുണ്ടാക്കി. രാജാവിനെയും സായിപ്പിനെയും ജനം നാടുകടത്തിയപ്പോള്‍  മുംബൈക്കാരായ ബെന്‍സാലി ഗ്രൂപ്പിന്‍റെ കൈകളിലേക്ക് തോട്ടമെത്തി. മഹാവീര്‍ പ്ലാന്‍റേഷന്‍സ് ലിമിറ്റിഡ് എന്നായിരുന്നു മാര്‍വാഡിയുടെ തോട്ടത്തിന്‍റെ ഔദ്യോഗിക നാമം.  1200 ഹെക്ടറോളം തേയില, 110 ഏക്കര്‍ റബ്ബര്‍, 80 ഏക്കറോളം ഏലം, കുരുമുളക്‌ തുടങ്ങിയ കൃഷികള്‍. പ്രതിവര്‍ഷം കോടികളുടെ ലാഭം മാര്‍വാഡികള്‍ ഇവിടെ നിന്നും കൊയ്‌തെടുത്തു.  വര്‍ഷങ്ങളോളം മികച്ചനിലയിലായിരുന്നു എസ്റ്റേറ്റിന്‍റെ പ്രവർത്തനം. എന്നാല്‍ 1990കളുടെ പകുതിയോടെ പ്രതിസന്ധി തുടങ്ങി. തൊഴിലാളികളുടെ ശമ്പളവും പ്രൊവിഡന്‍റ് ഫണ്ടും കമ്പനി മുക്കിത്തുടങ്ങി. യൂണിയന്‍ ബാങ്കില്‍ നിന്നും എസ്റ്റേറ്റുടമ മുന്നൂറു കോടിയോളം കടമെടുത്തു. കേസായി. അതോടെ  കമ്പനി മുച്ചൂടും തകര്‍ന്നു.

ദാ നോക്ക്. കാടുകയറിക്കിടക്കുന്ന തേയിലച്ചെടികളിലേക്ക് വിന്‍സെന്‍റ് വിരല്‍ ചൂണ്ടി. കുറ്റിക്കാടേതാണ് തേയില ഏതാണ് എന്നു തിരിച്ചറിയാത്ത അവസ്ഥ. എത്രയോ നല്ല ചെടികളായിരുന്നു ഇവയെല്ലാം. അയാളുടെ ശബ്ദം ഇടറി. പിന്നെ മറുവശത്തേക്കു ചൂണ്ടി. അയാള്‍ നാലാം ക്ലാസു വരെ പഠിച്ച സ്കൂള്‍. ഇന്നവിടെ ഒരു കുട്ടി പോലുമില്ല. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നു. ഹെഡ്മാസ്റ്റര്‍ മാത്രം എല്ലാ ആഴ്ചയും വന്ന് ഒപ്പിട്ട് മടങ്ങുന്നു. അംഗന്‍ വാടിയിലും ഇതു തന്നെ അവസ്ഥ.

Bonacaud Travelogue By Sanchari

വിന്‍സെന്‍റിനു രണ്ടു മക്കള്‍. ഒരാള്‍ ഇവിടെയുണ്ട്. രണ്ടാമന്‍ തമിഴ്നാട്ടിലാണ്. അവിടെ ജോലി ചെയ്തു പഠിക്കുന്നു. ഇതൊരു ടൂറിസം സ്പോട്ടല്ല. പുറത്തു നിന്നുള്ളവര്‍ക്ക് കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം. എങ്കിലും ആളുകള്‍ വരും. കൂകി വിളിച്ചും അട്ടഹസിച്ചും ആഘോഷിച്ച് തിരിച്ചു പോകും. വിന്‍സെന്‍റ് പറഞ്ഞുകൊണ്ടിരുന്നു. നഗരത്തിന്‍റെ ഫ്രസ്ട്രേഷന്‍ കളയാന്‍ ഇവിടെയെത്തി രംഗബോധമില്ലാതെ പെരുമാറുന്നവരെക്കുറിച്ച് ഓര്‍ത്തപ്പോള്‍ സഹതാപം തോന്നി.

ആ ബംഗ്ലാവൊക്കെ ഒന്നു പോയി കാണണം. വിന്‍സെന്‍റ് പറഞ്ഞു. പ്രേതബാധയെപ്പറ്റി ചോദിച്ചപ്പോള്‍ അയാളൊന്നു ചിരിച്ചു. യാത്ര പറഞ്ഞ് താഴേക്കു നടക്കുമ്പോള്‍ കാട്ടിലേക്ക് കയറരുതെന്നും നേരെ റോഡിലൂടെ തന്നെ പോകണമെന്നും അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഈ കാണുന്ന അരണ്ട വെളിച്ചം മാത്രമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഏതുനേരവും  ഈ ഭൂമിക്ക് പരിചിതമെന്ന് ആ നടപ്പിനിടെ തോന്നിത്തുടങ്ങി.

ആരും നോക്കാനില്ലാത്ത തേയിലച്ചെടികള്‍ കാട്ടുചെടികളുമായി രഹസ്യമായും പരസ്യമായും വേഴ്ച നടത്തുന്ന കാഴ്ച കണ്ടു. ഇടക്കിടെ വഴിക്കിരുവശത്തും കുരിശുകൃഷിയും കാവികൃഷിയും തഴച്ചു വളരുന്നതും ശ്രദ്ധിച്ചു. സമീപകാലത്തെ സംഘര്‍ഷ വാര്‍ത്തകളോര്‍ത്തു. പൂട്ടിക്കിടക്കുന്ന ഒരു കെട്ടിടം കണ്ടു. റേഷന്‍ കടയാണ്.

Bonacaud Travelogue By Sanchari

ഒരു ഫോട്ടോ എടുക്കണം. റോഡിനു മുകളില്‍ കണ്ട പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു ലയത്തിന്‍റെ മുറ്റത്തേക്ക് പതിയെ കയറി. കുറ്റിക്കാടുകള്‍ക്കപ്പുറം എന്തോ അനക്കം. രണ്ടു കൊമ്പുകള്‍ പുറത്തേക്കു നീണ്ടു. കാട്ടുപോത്ത്! ഒന്നുമാലോചിക്കാതെ വെട്ടിത്തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. എന്നാല്‍ കുറച്ചോടിയിട്ടും പിന്നില്‍ ശബ്ദമൊന്നും കേട്ടില്ല. പതിയെ തിരിഞ്ഞു നോക്കി. ഒരു പശു റോഡിലേക്കിറങ്ങി വരുന്നു. ചുറ്റും നോക്കി, കാണാന്‍ കുറേ അനാഥ പശുക്കളല്ലാതെ ആരുമില്ലെന്നറിയാമെങ്കിലും എന്തെന്നറിയാത്ത നാണം തോന്നി.

തിരികെ പോസ്റ്റ് ഓഫീസിനു സമീപമെത്തി. മാഹിനെ അന്വേഷിച്ചെങ്കിലും എത്തിയിട്ടില്ലെന്നറിഞ്ഞു. അദ്ദേഹം ബോണക്കാടിനു പുറത്തെവിടെയോ ആണ് താമസം. രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്നോര്‍ത്തു. ചായക്കട തേടാനൊരുങ്ങുമ്പോഴാണ് സാമിനെ കാണുന്നത്. ടീ ഷര്‍ട്ടും പാന്‍റും ഷൂസുമൊക്കെ ധരിച്ചൊരു വയോധികൻ. ഇന്‍സൈഡൊക്കെ ചെയ്ത് ഭംഗിയായി വസ്ത്രം ധരിച്ചിരിക്കുന്നു. ഏതോ സഞ്ചാരിയായിരിക്കുമെന്നു കരുതി. ചോദിച്ചപ്പോള്‍ എസ്റ്റേറ്റിലെ സ്റ്റാഫായിരുന്നുവെന്ന് പറഞ്ഞു.

'ലക്ഷങ്ങള്‍ കിട്ടാനുണ്ട്.. ഇവിടെ പെട്ടുപോയി മോനേ..' മറ്റെന്തെങ്കിലും ചോദിക്കുന്നതിനും മുമ്പേ ചിരിച്ചുകൊണ്ടുള്ള പറച്ചില്‍. ഒറ്റ ശ്വാസത്തില്‍, ഇനിയുമെന്തൊക്കെയോ  പറയാനുണ്ടെന്ന പോലെ അയാള്‍ പിന്നെയും നിന്നു. അയാളോട് പറയാനൊന്നും നാവിലെത്തിയില്ല. കാലത്ത് ഒന്നും കഴിച്ചില്ലണ്ണാ, ഇവിടെവിടെങ്കിലും ചായ കിട്ടുമോ എന്നു ചോദിച്ചു. അങ്ങനെ അയാളാണ് മുത്തുവിന്‍റെ ടീഷോപ്പിലേക്ക് കൊണ്ടു പോകുന്നത്.

ഇരുളടഞ്ഞ ജീവിതങ്ങള്‍
പുക നിറഞ്ഞ ആ കൊച്ചു ചായ്പ്പിലിരുന്നു കേക്കും ചായയും കഴിച്ചു. മധുരയില്‍ വേരുകളുള്ള മുത്തു എസ്റ്റേറ്റിലെ സൂപ്പര്‍ വൈസറായിരുന്നു. കമ്പനി പൂട്ടിയപ്പോള്‍ ചായക്കട തുടങ്ങി. ഇപ്പോള്‍ ചായ കുടിക്കാനും ആരും എത്താറില്ല. ചായ കുടിക്കണമെങ്കില്‍ ആളുകളുടെ കൈയ്യില്‍ കാശു വേണ്ടേ? മുത്തു ചോദിക്കുന്നു. ഒരു കവര്‍ പാലു വാങ്ങിയാല്‍ ഒരു ലയത്തിലെ നാലഞ്ച് പേര്‍ക്കെങ്കിലും ഒരുമിച്ച് ചായ കുടിക്കാം. പിന്നെന്തിനു ചായക്കടയില്‍ പോകണം? മക്കളെയൊക്കെ വിവാഹം കഴിച്ചയച്ചു. അവര്‍ക്ക് കുട്ടികളായി. അവധിക്കാലത്ത് വല്ലപ്പോഴും അവര്‍ അച്ഛനെയും അമ്മയെയും കാണാനെത്തും. ലയത്തിലിരുന്നാല്‍ ഒറ്റപ്പെടലിന്‍റെ മൂര്‍ച്ച കൂടും. അതു കൊണ്ട് പതിവായി ഇവിടെയെത്തി പുകയൂതുന്നു.

Bonacaud Travelogue By Sanchari

തോട്ടം നിലച്ചതോടെ തൊഴിലാളികളില്‍ ചിലര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. ചിലര്‍ കുന്നിറങ്ങി വിതുരയിലും മറ്റും വാടകക്കാരായിക്കൂടി മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു. ചിലര്‍ സ്വരുക്കൂട്ടി വച്ചതു കൊണ്ട് കാടിനു പുറത്തുള്ള ഗ്രാമങ്ങളില്‍ ചെറിയ വീടും അല്‍പ്പം സ്ഥലവുമൊക്കെ സ്വന്തമാക്കി. ഒരു ഗതിയും പരഗതിയുമില്ലാത്ത ചിലര്‍ മാത്രം ഇവിടെ കുടുങ്ങിപ്പോയി.

കാടിറങ്ങി വാടകയ്ക്ക് വീടെടുത്തവരില്‍ പലരും പിടിച്ചു നില്‍ക്കാനാവാതെ പില്‍ക്കാലത്ത്  ലയങ്ങളിലേക്കു തന്നെ തിരികെ വന്നതും ചരിത്രം. ഇരുന്നൂറിലധികം കുടുംബങ്ങളുണ്ട് ഇപ്പോഴും കമ്പനിയുടെ തൊഴിലാളികളായിട്ട് . നിയമപരമായി റിട്ടയറാവാത്തതിനാല്‍ ലയത്തില്‍ താമസിക്കാം. ഇറക്കിവിടാനാവില്ല. അങ്ങനെ കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്ത പൊട്ടിപ്പൊളിഞ്ഞ ഇരുളടഞ്ഞ ലയങ്ങളില്‍ വേറൊരു വഴിയുമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ ജീവിതം തള്ളി നീക്കുന്നു. ഇവരില്‍ പലരും വയോജനങ്ങളാണെന്ന് മുത്തു പറയുന്നു. വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടികളും യുവാക്കളുമൊക്കെ കാടിനപ്പുറത്താണ് താമസം. തിരഞ്ഞെടുപ്പു കാലത്ത് നാടുവിട്ടു പോയവരില്‍ പലരും തിരികെയെത്തും. മരണം നടന്നാലും വരും. അങ്ങനെയൊക്കെയാണ് ഒരുകാലത്ത് ഒരുപയില്‍ ഉണ്ടുറങ്ങിയവരില്‍ പലരുമിന്ന് നേരില്‍ കാണുന്നത്. ഈ ഗ്രാമത്തിലൊരു ജനനം നടന്നിട്ട് വര്‍ഷങ്ങളായത്രെ. കുഞ്ഞുങ്ങളില്ലാത്ത നാട്. വിഷമം തോന്നി.

മുത്തു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ശ്വാസം മുട്ടുന്ന മട്ടില്‍ സാം ഇരുന്നു. അയാള്‍ക്ക് എന്തൊക്കെയോ പറയാനുണ്ട്. മുഖത്തേക്കു നോക്കുമ്പോള്‍ അയാള്‍ വെറുതെ ചിരിച്ചു. ചായക്കടയുടെ മുറ്റത്തു നിന്നു നോക്കിയപ്പോള്‍ അങ്ങകലെ ഒരു കുന്നുകണ്ടു. മധ്യഭാഗത്തായി പൊട്ടുകള്‍ പോലെ ലയങ്ങള്‍. എസ്റ്റേറ്റിലെ ജിബി ഡിവിഷനാണ്. ലയങ്ങള്‍ക്കും മുകളില്‍ ആകാശം മുട്ടുന്ന ഒരൊറ്റ മരം.

കൂര്‍ത്ത സൂചിപോലുള്ള ആ സ്തൂപിതാഗ്ര മരം എന്തിനെയോ ഓര്‍മ്മിപ്പിച്ചു.

അതെന്താണെന്ന് ആലോചിക്കുന്നതിനിടെ, ആ കാണുന്ന ക്രിസ്തുമസ് മരത്തിനും അപ്പുറത്താണ് ആ ബംഗ്ലാവെന്ന് തൊട്ടു പിറകില്‍ നിന്നും സാം പറഞ്ഞു. അയാളുടെ മുഖത്ത് അപ്പോഴും ചിരി. മരം തൊട്ടുണര്‍ത്തിയത് എന്താണെന്ന് പെട്ടെന്നു പിടികിട്ടി. അതാണ് സോഷ്യല്‍മീഡിയയുടെ ഭാഷയില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ക്രിസ്തുമസ് ട്രീ. അപ്പോള്‍ അതിനുമപ്പുറമാവും 25 ജിബി ബംഗ്ലാവ്. ഒരു കുട്ടിയുടെ നിലവിളിശബ്ദം കാതിലുടക്കി.

അവിടെ പ്രേതവും മണ്ണാങ്കട്ടയുമൊന്നുമില്ല. മുത്തുവിന്‍റെ ശബ്ദത്തില്‍ പുച്ഛം. പണ്ടെങ്ങോ സായിപ്പുണ്ടാക്കിയ ഒരു കെട്ടിടം. നാട്ടുകാര്‍ക്ക് അതുമാത്രമാണത്. അവിടെ ദുര്‍മരണമൊന്നും നടന്നതായി പ്രദേശവാസികള്‍ക്ക് അറിയില്ല. ഗ്രാമത്തിലെ തൊണ്ണൂറു വയസുകാര്‍ പോലും ഇതൊക്കെ നിഷേധിക്കുകയാണെന്നു മുത്തു. അടുത്തകാലത്താണ് ഈ കഥകളൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത്. പുറത്തു നിന്ന് അവിടെയെത്തിയ ആരോ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കള്ളക്കഥയാണിതെന്ന് മുത്തു. ഇപ്പോള്‍ വരുന്നവര്‍ക്കൊക്കെ ആ ബംഗ്ലാവ് കണ്ടാല്‍ മതി. പല സഞ്ചാരികളും നാട്ടുകാരെ ആരെയെങ്കിലും വിളിച്ചു കൊണ്ട് കുന്നുകയറും. കുറ്റം പറയരുതല്ലോ, അരിവാങ്ങാനുള്ള വക ചിലര്‍ക്കെങ്കിലും ഈ പ്രേതകഥ കൊണ്ട് കിട്ടുന്നുണ്ടെന്നും മുത്തു.

Bonacaud Travelogue By Sanchari

മരുന്നു മണമുള്ള ക്വാട്ടേഴ്‍സ്
സാമിന്‍റേത് ലയമല്ല. കമ്പനി വക ക്വാട്ടേഴ്‍സാണ്.  വശങ്ങളില്‍ ഫാഷന്‍ ഫ്രൂട്ട് വളര്‍ന്നു പടര്‍ന്നു കിടക്കുന്നു. അരികില്‍ സിഎസ്ഐ ചര്‍ച്ച്. ക്വാട്ടേഴ്‍സിന്‍റെ തിണ്ണയിലിരിക്കുമ്പോഴാണ് താനല്ല, ഭാര്യയാണ് കമ്പനി സ്റ്റാഫെന്ന് അയാള്‍ തെളിച്ചു പറയുന്നത്. നാഗര്‍കോവില്‍ സ്വദേശികളായ ഈ ദമ്പതികള്‍ മൂന്നു പതിറ്റാണ്ടോളമായി ഇവിടെ എത്തിയിട്ട്. മഹാവീര്‍ പ്ലാന്‍റേഷന്‍റെ ഊട്ടി എസ്റ്റേറ്റിലെ സ്റ്റാഫ് നേഴ്‍സായിരുന്നു അന്ന് സാമിന്‍റെ ഭാര്യ. തേയില ബിസിനസായിരുന്നു സാമിന്. ഭാര്യയ്ക്ക് ബോണക്കാട് എസ്റ്റേറ്റിലേക്ക് സ്ഥലംമാറ്റം കിട്ടിയതാണ് സാമിന്‍റെ ജീവിതത്തെ തകിടം മറിക്കുന്നത്. രണ്ട് പൊടിക്കുഞ്ഞുങ്ങളെയും കൂട്ടി ദമ്പതികള്‍ ബോണക്കാട്ടെ കുന്നുകയറി. കമ്പനിയുടെ നല്ലകാലമായിരുന്നു അന്ന്. എന്നാല്‍ അതു തകര്‍ന്നതോടെ ജീവിതവും തകര്‍ന്നു. ഭാര്യയുടെ ശമ്പളവും പെന്‍ഷനും പ്രൊവിഡന്‍റ് ഫണ്ടുമൊക്കെയായി 12 ലക്ഷം രൂപയോളം കിട്ടാനുണ്ട്. ഈ പണം കിട്ടിയിട്ടു വേണം നാട്ടിലേക്കു മടങ്ങാന്‍. തിരുവനന്തപുരത്തെ സ്കൂട്ടര്‍ ഷോറൂമില്‍ ജീവനക്കാരനായ മകന്‍റെ വരുമാനത്തിലാണ് ഇപ്പോള്‍ ജീവിതം. ഞങ്ങളെ ശുശ്രൂഷിക്കാന്‍ ഇപ്പോഴും ഇദ്ദേഹത്തിന്‍റെ ഭാര്യയേ ഉള്ളൂവെന്ന് മുത്തു പറഞ്ഞത് ഓര്‍ത്തു.

എന്നും കാലത്ത് സാം മുത്തുവിന്‍റെ കടയിലെത്തും. വെറുതെയിരിക്കും. വീണ്ടും തിരിച്ചു ക്വാട്ടേഴ്സിലെത്തും. ദിവസവും പലതവണ ഇതാവര്‍ത്തിക്കും. അയാള്‍ക്ക് ഏറെ സംസാരിക്കാനുണ്ടെന്നു തോന്നി. പക്ഷേ വാക്കുകള്‍ കിട്ടാത്ത പോലെ. കാലങ്ങളായി സംസാരിക്കാതിരുന്ന് വാക്കുകള്‍ മറന്നുപോയിട്ടുണ്ടാകണം. പടിയിറങ്ങുന്നതിനു മുമ്പ് വീട്ടില്‍ എല്ലാവര്‍ക്കും കൊടുക്കണമെന്നു പറഞ്ഞ് കുറച്ച് ഫാഷന്‍ ഫ്രൂട്ടുകളെടുത്ത് അയാള്‍ കൈയ്യില്‍ തന്നു.  പിന്നെ കൈകള്‍ ചേര്‍ത്തു പിടിച്ച് പറഞ്ഞു:

കൂട്ടുകാരെയൊക്കെ കൂട്ടി ഇനിയും വരണം.. നമുക്ക് വെറുതെയങ്ങനെ സംസാരിച്ചിരിക്കാം...

Bonacaud Travelogue By Sanchari

തൊഴിലാളികള്‍ പിടിച്ച പുലിവാല്‍
പൂട്ടിക്കിടക്കുന്ന ഫാക്ടറി തേടി നടക്കുമ്പോള്‍ മാഹിന്‍ കുന്നുകയറി വന്നു. സ്റ്റാഫ് ക്ലബ്ബില്‍ സംഘടനാ നേതാക്കളുടെ ഒരു യോഗമുണ്ടെന്ന് അയാള്‍ പറഞ്ഞു. തൊഴിലാളികളുടെ ശമ്പളക്കുടിശികയുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുന്നുണ്ട്. തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത പിഎഫ് തുകയില്‍ ഒരു പൈസപോലും 1998 മുതല്‍ കമ്പനി ട്രഷറിയില്‍ അടച്ചിട്ടില്ല. വിരമിച്ച തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയുമടക്കം ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ട്.

കമ്പനി പൂര്‍ണമായും അടച്ചു പൂട്ടുന്നതിനു തൊട്ടു മുമ്പ് 1998 മുതല്‍ തൊഴിലാളികള്‍ കൂലിയില്ലാതെ ജോലി ചെയ്തിരുന്നു. ശമ്പളം ഇന്നോ നാളെയോ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 2000 വരെ ഇതു തുടര്‍ന്നു. 2001 ഓടെ കമ്പനി അടച്ചുപൂട്ടി മാര്‍വാഡി സ്ഥലം വിട്ടു. എന്നാല്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടേ ഇല്ല എന്നാണ് ഇപ്പോള്‍ കമ്പനിയുടെ വാദം. ഇത് തെറ്റാണെന്നു തെളിയിക്കാനാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ ശ്രമം. എന്നാല്‍ ഇതിനുള്ള ഡോക്യുമെന്‍റ്സുകള്‍ പലതും തൊഴിലാളികളുടെ കൈകളില്‍ ഇല്ലെന്നതാണ് കുഴയ്ക്കുന്ന പ്രശ്നം. അതിനുള്ള കാരണം കേട്ടപ്പോഴാണ് അമ്പരന്നത്.

Bonacaud Travelogue By Sanchari

മാര്‍വാഡി സ്ഥലം വിട്ടതിനു പിന്നാലെ വറുതി കടുത്തു. ദാരിദ്ര്യം നടമാടി. അത്രയും നാള്‍ കൂലിയില്ലെങ്കിലും ചെലവു കാശെങ്കിലും ലഭിച്ചിരുന്നു. മാര്‍വാഡി മുങ്ങിയതോടെ കൂലി ഒരിക്കലും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ രോഷാകുലരായി. പൂട്ടിക്കിടന്ന ഫാക്ടറി ഓഫീസിന്‍റെ പൂട്ടു പൊളിച്ച് അവര്‍ അകത്തു കയറി. സ്ഥാവരജംഗമങ്ങളില്‍ പലതും കടത്തിക്കൊണ്ടു പോയി. വേറെ വഴിയില്ലായിരുന്നു. ഇതൊക്കെ വിറ്റായിരുന്നു അന്നവര്‍ പട്ടിണിയെ അതിജീവിച്ചത്. എന്നാല്‍ ഈ കടന്നു കയറ്റത്തില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഡോക്യുമെന്‍റുകള്‍ പൂര്‍ണമായും നഷ്‍ടപ്പെട്ടു. തൊഴിലാളികളെ സംബന്ധിച്ച രേഖകളായിരുന്നു അതില്‍ പലതും. ഇതാണിപ്പോള്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നതെന്ന് മാഹിന്‍ പറയുന്നു. ഇപ്പോള്‍ മറുവഴി ആലോചിക്കുകയാണ് നേതാക്കള്‍.

പൊട്ടിപ്പൊളിഞ്ഞ ജനാലകള്‍, ചുമരുകള്‍, തുരുമ്പെടുത്ത യന്ത്രങ്ങള്‍. തകര്‍ന്ന ഫാക്ടറിയെയും നോക്കി നടുമുറ്റത്തു നില്‍ക്കുമ്പോള്‍ എഴുത്തച്ഛനെഴുതിയ മനുഷ്യ ജന്മത്തെക്കുറിച്ചാണ് ഓര്‍ത്തത്. നാശത്തിന്‍റെ അങ്ങേയറ്റമെത്തിയ നിരാശാഭരിതനായ ഒരു മനുഷ്യക്കോലം. ആ കെട്ടിടത്തിന്‍റെ ഗതകാല പ്രതാപങ്ങളൊക്കെ ആ കോടയ്ക്കു പിറകിലെവിടെയോ ഒളിച്ചു നില്‍പ്പുണ്ടെന്നു തോന്നി. ഭിത്തികളില്‍ തെരെഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചുവരെഴുത്തുകള്‍ മാത്രം മായാതെ കിടന്നു. തൊഴിലാളികളുടെ ജീവിതം തുരുമ്പെടുത്തു തുടങ്ങിയതിനു ശേഷം എത്രയെത്ര തെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞു കാണുമെന്ന് ആലോചിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടിയില്ല.

Bonacaud Travelogue By Sanchari

അടുപ്പെരിക്കുന്നത് തൊഴിലുറപ്പ്
കല്ലിനും മുള്‍പ്പടര്‍പ്പുകള്‍ക്കുമിടയില്‍ മഴ നനഞ്ഞ് പലതരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി സ്ത്രീകളെ കണ്ടു. കയ്യാല വയ്പും ഓടകീറലും റോഡ് റിപ്പയിറിംഗും അങ്ങനങ്ങനെ. ഈ തൊഴിലുറപ്പ് പദ്ധതിയാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടുത്തെ വീടുകളിലെ അടുപ്പു പുകയ്ക്കുന്നത്. പൊന്നമ്മയും ശകുന്തളയുമൊക്കെ വാര്‍ധക്യത്തിലും അങ്ങനെ ജീവിതം കൂട്ടിപ്പിടിക്കുന്നവരില്‍ ചിലരാണ്.

ഒരു ദിവസം 250 രൂപയോളമാണ് കൂലി. എന്നാല്‍ ഈ തൊഴിലിനും എസ്റ്റേറ്റ് ഉടമ തടസം സൃഷ്ടിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഭൂമിയില്‍ കടന്നു കയറി നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ച് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തുടര്‍ച്ചയായി വക്കീല്‍ നോട്ടീസ് അയക്കുകയാണ് ഇപ്പോള്‍ മാര്‍വാഡിയുടെ പ്രധാനപണി. ഒരു നിവര്‍ത്തിയുമില്ലാതെ ഞങ്ങള്‍ ഇവിടം വിട്ട് ഓടിപ്പോകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എങ്കില്‍ ഇരട്ടിലാഭമല്ലേ കമ്പനിക്ക്. ശകുന്തളയുടെ ശബ്ദത്തില്‍ രോഷം. റിട്ടയറായതിനാല്‍ പൊന്നമ്മയക്ക് തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. എത്രയെന്ന് ചോദിച്ചു. 1100 രൂപയെന്ന് മറുപടി. ഇവിടെ നിന്നും വിതുരയിലേക്കുള്ള ബസ് ചാര്‍ജ്ജ് 25 രൂപയാണല്ലോ എന്നു വെറുതെ ഓര്‍ത്തു.

കാതോര്‍ത്താല്‍ കേള്‍ക്കാം ആ നിലവിളി
ഫാക്ടറി മുറ്റത്തു വച്ചാണ് കറുത്തുമെലിഞ്ഞ ആ പയ്യനെ കാണുന്നത്.  നീല ട്രൌസറും വെള്ള ബനിയനും വേഷം. കുട്ടിത്തം വിട്ടുമാറാത്ത മുഖം. കൗതുകത്തോടെയുള്ള നോട്ടവും ചിരിയും.

ബംഗ്ലാവ് കാണാന്‍ വന്നതാണോ ചേട്ടാ..?

അല്ല..

പിന്നെ..?

നിങ്ങളെയൊക്കെ കാണാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ വിശ്വാസം വരാത്തതു പോലെ അവന്‍ നോക്കി.

"ശരിക്കും..?"

മറുപടി പറയാതെ വെറുതെ ചിരിച്ചു. അവന്‍റെ പേര് രാജേഷ്. തമിഴ് നാട്ടുകാരായ തോട്ടം തൊഴിലാളികളുടെ മകന്‍. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മ വെള്ളയമ്മ രോഗിയാണ്. വീട്ടുജോലി പോലും ചെയ്യാനാവില്ല. വല്ല്യമ്മയും വല്ല്യച്ഛനുമാണ് നോക്കുന്നത്. ആര്യനാട് സ്കൂളില്‍ നിന്നും പത്താം ക്ലാസ് കഴിഞ്ഞു. ഇനി ഐടിഐയില്‍ പോകണം. റിട്ടയറാവാത്തതിനാല്‍ അമ്മയ്ക്ക് തൊഴിലാളി പെന്‍ഷന്‍ കിട്ടുന്നില്ല. വല്ലപ്പോഴും ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ് ഏകവരുമാനം. അവന്‍ പറഞ്ഞു കൊണ്ടിരുന്നു. വീട്ടിലേക്കു വരുന്നോ എന്നവന്‍ ചോദിച്ചു. ആ ക്ഷണം നിരസിക്കാന്‍ തോന്നിയില്ല. ഫാക്ടറി കെട്ടിടത്തിന്‍റെ പിന്‍ഭാഗത്തു കൂടെ, അലറിപ്പായുന്ന പുഴയുടെ മുകളിലെ പാലവും കടന്ന് അവന്‍റെയൊപ്പം നടന്നു.

Bonacaud Travelogue By Sanchari

പാലത്തിന്‍റെ മുകളിലെത്തിയപ്പോള്‍ ചേട്ടാ, നമുക്കൊന്ന് വെള്ളത്തിലിറങ്ങിയാലോ എന്നായി രാജേഷ്. ദാ അവിടെ നില്‍ക്കാം കാലൊന്ന് നനയ്ക്കാം എന്നിട്ടു വേഗം കയറാം എന്നൊക്കെ നിഷ്കളങ്കമായി അവന്‍ പറഞ്ഞു കൊണ്ടിരുന്നു. ജന്മനാ വെള്ളത്തോടുള്ള ഭയം കൊണ്ട് ഇറങ്ങിയില്ല. പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് മാത്രം കണ്ട ഒരു അപരിചിതനെ കളിക്കൂട്ടുകാരനെപ്പോലെ അവനിങ്ങനെ നിര്‍ബന്ധിക്കുന്നതില്‍ അമ്പരപ്പ് തോന്നി. ഇവിടെങ്ങും കളിക്കാനും മിണ്ടാനും പറയാനുമൊന്നും ആരുമില്ല ചേട്ടാ അതുകൊണ്ടു വിളിച്ചതാ കേട്ടോ എന്ന് അവന്‍ പറഞ്ഞു; മനസുവായിച്ച പോലെ.

മണ്‍റോഡില്‍ നിന്നും കുത്തനെയുള്ള ഒതുക്കു കല്ലുകള്‍ കയറി മുകളിലേക്കു നടന്നു. അവിടെയാണ് ബിഎ ഡിവിഷനിലെ ലയങ്ങള്‍. ചെളിയില്‍ കുതിര്‍ന്നു കിടക്കുന്ന പരിസരങ്ങള്‍. അതിലൊന്നിലാണ് രാജേഷിന്‍റെ വീട്. അവിടുത്തെ കാഴ്ച കണ്ട് നടുങ്ങി. മഴയില്‍ കുതിര്‍ന്ന് ഏതു നിമിഷവും നിലംപൊത്തുമെന്ന പോലെ കുറച്ചു കെട്ടിടങ്ങള്‍. അതിനകത്താണ് കാറ്റിലും മഴയിലും ജീവന്‍  കൈയ്യില്‍പ്പിടിച്ച് കുറേ നരജന്മങ്ങള്‍ നരകജീവിതം നയിക്കുന്നത്.

Bonacaud Travelogue By Sanchari

"ചേട്ടാ.." അവന്‍റെ വിളി

"അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞില്ലേ?

"ഉം..?"

"മനോരോഗാണ് ചേട്ടാ.."

അവന്‍റെ മുഖത്തു നോക്കി. സങ്കടം ഒട്ടുമില്ല. ഒരുതരം നിസംഗത. മരവിപ്പ്.

"ചേട്ടന്‍ ഒന്നു സഹായിക്കാമോ? അമ്മേടെ പെന്‍ഷന്‍ മരുന്നിനും അരിക്കും കൂടെ തെകയൂല്ല.."

വെള്ളയമ്മയ്ക്ക് ചികിത്സയ്ക്കായി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നു. മാസം 600 രൂപ. ഏറെ നാളത്തെ അലച്ചിലിനു ശേഷമാണ് അതു കിട്ടിയത്. എന്നാല്‍ ഒരുതവണ മാത്രമേ കിട്ടിയുള്ളൂ. ശേഷം അതു നിലച്ചു. അതിനായി വല്ല്യച്ഛനും അവനും മുട്ടാത്ത വാതിലുകളില്ല. പലതും പറഞ്ഞ് ഒഴിയുകയാണ് അധികാരികള്‍. എങ്ങനെയെങ്കിലും അതൊന്നു ശരിയാക്കാന്‍ സഹായിക്കാമോ എന്നാണ് അവന്‍ ചോദിക്കുന്നത്. ഇക്കാര്യം പറയാനാണവന്‍ ഇങ്ങോട്ടു വിളിച്ചു കൊണ്ടു വന്നത്. നമുക്ക് ശരിയാക്കാമെന്ന വാക്കില്‍ അവന്‍റെ മുഖം തെളിഞ്ഞു.

" അതാ  അമ്മ..."

തൊഴിലുറപ്പു സ്ത്രീകളുടെ കൂട്ടത്തില്‍ വേച്ചു വേച്ചു നടന്നു നീങ്ങുന്ന ഒരു സ്ത്രീയെ അവന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു ദിവസമായി വെള്ളയമ്മ ഇങ്ങനെ പണിക്കുപോക്കു തുടങ്ങിയിട്ട്. ഒപ്പമുള്ളവര്‍ അധികം പണിയെടുപ്പിക്കില്ല. അതാണ് ആശ്വാസം. അവന്‍ പറഞ്ഞു. വീട്ടുജോലി പോലും ചെയ്യാനാവാത്ത സ്ത്രീയാണ് ഈ മഴയും നനഞ്ഞ് നടക്കുന്നതെന്നോര്‍ത്തു. ശൂന്യതയിലേക്കെന്ന പോലെ വെള്ളയമ്മ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു. ഐടിഐയില്‍ ചേരണം. പ്രവശനം കിട്ടുമോ എന്നറിയില്ല.  അവന്‍റെ ആശങ്കകള്‍ നീണ്ടു.

Bonacaud Travelogue By Sanchari

ബസു കയറ്റാന്‍ രാജേഷും ഒപ്പം വന്നു. നമുക്കാ ബംഗ്ലാവു കാണാന്‍ പോയാലോ ചേട്ടാ എന്നവന്‍ വീണ്ടും ചോദിച്ചു. പേടിക്കാനൊന്നുമില്ല, ഞാന്‍ അതുവഴി ഇടക്കിടെ പോകും, ഇന്നലേം പോയാരുന്നു, അവിടെ പ്രേതമൊന്നുമില്ല ചേട്ടാ, ആ മുറ്റത്തു നിന്നു താഴോട്ടു നോക്കിയാല്‍ അടിപൊളിയാണ് എന്നൊക്കെ അവന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ ഇല്ല, പിന്നെപ്പോഴെങ്കിലും പോകാമെന്ന് പറഞ്ഞൊഴിഞ്ഞു. പിന്നെ കുറേ നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. വെള്ളയും നീലയും ചായം പൂശിയ ആനവണ്ടി ഫാക്ടറി മുറ്റത്ത് കിടപ്പുണ്ട്. അതിനകത്തേക്ക് അവനും കയറി വന്നു. സീറ്റിനരികില്‍ ചാരി നിന്നു. ചേട്ടന്‍ ഇനിയും വരുമോ എന്നു ചോദിച്ചു. വരുമെന്ന് പറഞ്ഞു.

കാശുള്ളോരൊക്കെ ഇവിടുന്ന് രക്ഷപ്പെട്ടു ചേട്ടാ..

ആരോടെന്നില്ലാതെ അവന്‍റെ വാക്കുകള്‍.

"നമ്മളൊക്കെ എന്താ ചേട്ടാ ഇങ്ങനെ..?"

ഇപ്പോള്‍ അവന്‍റെ കണ്ണുകളില്‍ നനവുണ്ട്. ഒച്ചയ്ക്ക് ഇടര്‍ച്ചയുണ്ട്. മുഖത്ത് കടുത്ത നിരാശയുണ്ട്. മറുപടി പറയാതെ മൊബൈലില്‍ മുഖം പൂഴ്ത്തി. കവറേജും നെറ്റ് കണക്ഷനുമില്ലെങ്കിലും വെറുതെ അതില്‍ തോണ്ടിക്കൊണ്ടിരുന്നു.

ബസ് സ്റ്റാര്‍ട്ടായി. അവന്‍ ചാടി പുറത്തിറങ്ങി. എന്നിട്ട് ഓടി ഞാനിരുന്ന വശത്തേക്കെത്തി. അനങ്ങിത്തുടങ്ങിയ ബസിനൊപ്പം അവന്‍ കൈകള്‍ വീശിക്കൊണ്ടിരുന്നു. കാറ്റിനൊപ്പം ഒരു കുട്ടിയുടെ നിലവിളി ശബ്ദം ഒഴുകി വന്നു. വീണ്ടും മൊബൈലില്‍ മുഖമൊളിപ്പിച്ചു.

കുറച്ചു കഴിയുമ്പോള്‍ കവറേജ് വരും. നെറ്റ് കണക്റ്റഡാവും. ബ്രസീലും അര്‍ജ്ജന്‍റീനയും ഫ്രാന്‍സും ജര്‍മ്മനിയുമൊക്കെ ഓടിക്കയറി വരും. വാക്കുകള്‍ കൊണ്ടുള്ള കാല്‍പ്പന്തുകളികള്‍ തുടരും. യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ പോലും വിധിയില്ലാത്ത ടീമുകളെപ്പറ്റി ഇടവേളകളില്‍  ആരെങ്കിലുമൊക്കെ വെറുതെ പറയുമായിരിക്കും.

Bonacaud Travelogue By Sanchari

 

ഈ പംക്തിയിലെ മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

വയനാട്ടില്‍ എവിടെയാണയാല്‍ മറഞ്ഞിരിക്കുന്നത്?

പണ്ടിവിടൊരു പുലയരാജാവുണ്ടായിരുന്നു

"അങ്ങനെ ഭൂമിയെല്ലാം താഴെയായി, ‌ഞങ്ങയെല്ലാം മേലെയും"- പാലക്കയം തട്ടിന്‍റെ കഥ

പൊസഡിഗുംപെയില്‍ പെയ്യുന്നത് മഞ്ഞു മാത്രമല്ല!

സുമതിവളവിന്‍റെ കഥ

ഒരുഭഗവദ്ഗീതയുടെ കഥ;കുറേ മലകളുടേയും ഒരു ഭൂതത്താന്‍റെയും കഥ!

പുഴകയറി വന്ന പോതി!

ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നു കയറാറുണ്ട്

അദാനിയുടെ രാജ്യം

ഈ സ്ഥലം പൊന്നാകുന്നത് പേരു കൊണ്ടു മാത്രമല്ല!

ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: "ഇതാ നിങ്ങളുടെ ദൈവം..!"

Follow Us:
Download App:
  • android
  • ios