ദില്ലി: രാജ്യത്ത് നോട്ടു നിരോധനം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായ നികുതി വകുപ്പ് നടപടികള്‍ ശക്തമാക്കുന്നു. ബാങ്കുകളിലും ജ്വല്ലറികളിലും നടത്തി വരുന്ന പരിശോധനയ്ക്കു പിന്നാലെ വാഹനം വാങ്ങി കള്ളപ്പണം വെളുപ്പിച്ചവരും ഇനി കുടുങ്ങും. 

ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ നവംബര്‍ എട്ടിന് ശേഷം കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിച്ചു തുടങ്ങി. നവംബര്‍ മാസത്തിലെ വന്‍ നിക്ഷേപവും വിറ്റു വരവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

നവംബര്‍ മാസത്തില്‍ പതിവിലും കൂടുതല്‍ നിക്ഷേപങ്ങളും കാര്‍ വിറ്റുവരവുമുള്ള കാര്‍ ഡീലര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതിവകുപ്പ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആഡംബര കാറുകള്‍ വാങ്ങിയവര്‍ക്ക് മാത്രമല്ല നവംബര്‍ എട്ടിന് ശേഷമുള്ള എല്ലാ കാര്‍ വില്‍പ്പനകളും ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വരും. 

ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം നവംബര്‍ എട്ടു മുതല്‍ കാര്‍ വാങ്ങിയവര്‍ക്ക് ജനുവരി ഒന്നു മുതല്‍ നോട്ടീസ് അയച്ചു തുടങ്ങും.