Asianet News MalayalamAsianet News Malayalam

ബുള്ളറ്റിനെ പ്രണയിച്ച പെണ്‍കുട്ടി

Bullet girl
Author
First Published Jan 5, 2018, 9:23 PM IST

Bullet girl

പുരുഷന്മാരുടെ സ്ഥിരം കുത്തകയായ ബുള്ളറ്റില്‍ ചെറിയ സമയം കൊണ്ടുതന്നെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ശില്‍പ.  ഈ പേര് കേള്‍ക്കുമ്പോള്‍ അത്ര പരിചയം തോന്നില്ലെങ്കിലും റെക്സ് സുലു എന്നു കേള്‍ക്കുമ്പോള്‍ പെട്ടന്ന് തിരിച്ചറിയും. അതാണ് ബുള്ളറ്റ് റൈഡേഴ്സില്‍ ശില്പയെ വ്യത്യസ്തയാക്കുന്നതും. ബുള്ളറ്റില്‍ ലഡാക്കിലും അമൂല്‍ സ്ഥാപകനായ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം ആനന്ദിലേയ്ക്കും നടന്ന റൈഡില്‍ റെക്സ് സുലു പങ്കെടുക്കുന്നത് ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതിന് ശേഷം വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്.

Bullet girl

ജോലി തന്നെ ജീവിതമാക്കിയ വ്യക്തിയാണ് ശില്പ. ഈ മുപ്പതുകാരിയെ ഓഫീസില്‍ തളച്ചിട്ടിരുന്നത് ജോലിയോടുള്ള ഭ്രമമായിരുന്നു. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഓഫീസില്‍തന്നെ ചെലവിടുകയും ആള്‍ക്കാര്‍ ചോദിക്കുമ്പോള്‍ കൃത്യമായി വിവരിയ്ക്കാന്‍ സാധിക്കാത്ത ജോലിയായിരുന്നു തന്റേതെന്ന് റെക്സ് പറയുന്നു. ഓഫീസ് ജോലിക്കിടെ ഒരു നഷ്‍ടബോധം തോന്നിയതോടെയാണ് ശില്‍പ തിരിഞ്ഞ് നോക്കുന്നത്. ഓഫീസിന്റെ പുറത്ത് തന്നെ ബന്ധിച്ചിടാന്‍ പറ്റിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയ കണ്ണുകള്‍ ബുള്ളറ്റില്‍ പതിയുന്നത് അങ്ങനെയാണ്.

Bullet girl

ബുള്ളറ്റ് ഒരു വികാരമായി കൊണ്ടു നടക്കുന്ന മിക്ക ആളുകളും ബുള്ളറ്റ് ഓടിച്ച് നോക്കാന്‍ പോലും മറ്റാര്‍ക്കും കൈമാറാറില്ലാത്തപ്പോളാണ് ഓടിച്ച് പഠിക്കാന്‍ ബുള്ളറ്റ് വേണമെന്ന ആവശ്യവുമായി ശില്പ എത്തുന്നത്. ഒന്നു പഠിപ്പിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ശരിയാക്കിയെടുക്കാമെന്ന ശില്പയുടെ ധൈര്യം ആരു പരിഗണിച്ചില്ല. അങ്ങനെയാണ് കാലിക്കറ്റ് ബുള്ളറ്റ് ക്ലബ്ബിനെ ശില്പ സമീപിക്കുന്നത്. സാധാരണയായി പുരുഷകേന്ദ്രീകൃതമായ ബുള്ളറ്റ് ക്ലബ്ബുകളില്‍ പെണ്‍തരികളുടെ സാന്നിധ്യം മരുന്നിനെടുക്കാന്‍ പോലുമില്ലാത്ത സമയത്താണ് ശില്പ കാലിക്കറ്റ് ബുള്ളറ്റ് ക്ലബ്ബിലെത്തുന്നത്. സ്വന്തമായി ബുള്ളറ്റില്ല, അതിന് പുറമേ ബുള്ളറ്റ് ഓടിക്കാനും അറിയില്ല. ഈ അവസ്ഥയിലാണ് ശില്പ ക്ലബ് പ്രതിനിധികളെ കാണുന്നത്. ശില്പയുടെ താല്‍പര്യത്തെ അപ്പാടെ തള്ളിക്കളയാന്‍ ക്ലബ്ബിലെ അംഗങ്ങള്‍ക്ക് തോന്നിയില്ല. വിനീത് സാഗറും സുര്‍ജിത്ത് സിങും ശില്‍പയെ ബുള്ളറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു. ഗുരുക്കന്മാരെ ഒട്ടും നിരാശപ്പെടുത്തുന്നതായിരുന്നില്ല പിന്നീടങ്ങോട്ടുള്ള ശില്‍പയുടെ ബുള്ളറ്റ് യാത്രകള്‍.

Bullet girl

ഓഫീസ് സമയത്തിനപ്പുറം ആക്ടീവായിരിക്കാനുള്ള താല്‍പര്യത്തിന്റെ കാഠിന്യമാകാം രണ്ട് ദിവസത്തില്‍ ബുള്ളറ്റ് ശില്പ‍യ്ക്ക് വഴങ്ങിക്കൊടുത്തു. ക്ലബ്ബിലെ അംഗങ്ങളെ ഒക്കെ അതിശയിപ്പിച്ച ഒന്നായിരുന്നു അത്. സ്വന്തമായി ബുള്ളറ്റ് 350 വാങ്ങിയതിന്റെ പിറ്റെ ദിവസം ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പം കോഴിക്കോട് നിന്ന് അഗുംബയിലേയ്ക്ക് പോകുമ്പോഴേക്കും ശില്പയുടെ പേര് റെക്സ് എന്നായി. ഇപ്പോള്‍ ഓഫീസില്‍ അല്ലാതെ ആരെങ്കിലും ശില്പയെന്ന പേര് ഓര്‍ക്കുന്നുണ്ടോയെന്ന് റെക്സിന് തന്നെ സംശയമാണ്. അഗുംബയിലേക്കുള്ള ആ റൈഡ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നെന്ന് റെക്സ് സുലു പറയുന്നു.

Bullet girl

ബുള്ളറ്റോ! പെണ്‍കുട്ടിയ്ക്കോ! എന്ന ചോദ്യത്തിന് അടുത്തിടെ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെങ്കിലും ബുള്ളറ്റില്‍ ചേട്ടന്മാര്‍ പോകുന്നത് പോലെയുള്ള ട്രിപ്പടിക്കാനൊക്കെ പെണ്‍കുട്ടികള്‍ക്ക് കടക്കേണ്ട കടമ്പകള്‍ ഏറെയാണ്. ട്രിപ്പ് പോകുന്നത് അമ്മയോട് മാത്രം പറഞ്ഞായിരുന്നു റെക്സ് സുലുവിന്റെ യാത്രകള്‍. എന്നാല്‍ ലഡാക്കിലേയ്ക്കുള്ള യാത്രയോടെ ശില്‍പയുടെ റൈഡുകള്‍ പരസ്യമായി. ആശങ്കയുമായി ഓടി എത്തിയവരോട് മകള്‍ ഒറ്റയ്ക്കല്ല, അവള്‍ക്ക് കൂട്ടുകാര്‍ ഉണ്ടല്ലോയെന്നായിരുന്നു ശില്‍പയുടെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.

Bullet girl

ജോലി തിരക്കിനിടയില്‍ നീണ്ട ഇടവേളകള്‍ റൈഡിന് വേണ്ടി വന്നതോടെ ജോലി ഒപ്പമെടുക്കാന്‍ റെക്സ് നിര്‍ബന്ധിതയാവുകയായിരുന്നു. എന്നാല്‍ തന്റെ താല്‍പര്യങ്ങള്‍ ജോലിയ്ക്ക് ഒരു രീതിയിലും വെല്ലുവിളിയാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയതോടെ ഓഫീസും ശില്‍പയ്ക്ക് പിന്തുണയായെത്തി. അമൂല്‍ സ്ഥാപകന്‍ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം ആനന്ദിലേയ്ക്ക് നടത്തിയ ബുള്ളറ്റ് യാത്രയയിലെ സെക്കന്റ് ലീഡ് ആയിരുന്നു റെക്സ്. മലയാളിയായ വര്‍ഗീസ് കുര്യന് ആനന്ദില്‍ ലഭിക്കുന്ന ബഹുമാനം വര്‍ണിയ്ക്കാന്‍ അസാധ്യമാണെന്നാണ് റെക്സിന് പറയാനുള്ളത്.

Bullet girl

യാത്രകള്‍ സുരക്ഷിതമാകണമെന്ന് നിര്‍ബന്ധമുള്ള റെക്സ് സുലു അതിനായി ചില മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട്. പരിചയമില്ലാത്ത വഴികളിലൂടെ ഏറെ വൈകിയുള്ള യാത്രകള്‍ ഒഴിവാക്കാം. അനാവശ്യമായ പ്രകോപനങ്ങളെ അവഗണിക്കാം. കൂടുതല്‍ ശ്രദ്ധ ലഭിക്കാനായുള്ള അനാവശ്യ പ്രകടനങ്ങള്‍ ഒഴിവാക്കാം. ഇവ ശ്രദ്ധിച്ചാല്‍ യാത്രകള്‍ സുരക്ഷിതമാകുമെന്നാണ് റെക്സിന് പറയാനുള്ളത്. പുതിയൊരു ദീര്‍ഘയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ റെക്സ്. പാതകളെയും ബുള്ളറ്റിനെയും പ്രണയിച്ച പെണ്‍കുട്ടിക്ക് അല്ലെങ്കിലും ഏറെ നാള്‍ അടങ്ങിയിരിക്കാനാവില്ലല്ലോ. ഒപ്പം പൂര്‍ണ പിന്തുണയുമായി കാലിക്കറ്റ് ബുള്ളറ്റ് ക്ലബ്ബിലെ റൈഡര്‍മാരും.

Bullet girl

Follow Us:
Download App:
  • android
  • ios