ഇപ്പോള്‍ സംഭവിക്കുന്ന മിക്ക വാഹനാപകടങ്ങളിലും പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആയിരിക്കും. മൊബൈലില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം ഡ്രൈവിംഗ് കടുത്ത നിയമലംഘനമാണെങ്കിലും പലരും അത് അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഹെല്‍മറ്റ് വേട്ടയില്‍ ഉള്‍പ്പെടെ കര്‍ശന ജാഗ്രത പുലര്‍ത്തുന്ന അധികൃതര്‍ ഇക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.
അധികൃതരുടെ ഈ അശ്രദ്ധക്ക് തെളിവാകുകയാണ് കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍. തിരക്കുള്ള റോഡിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന യുവാവിന്‍റെ വീഡിയോ ആണിത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കിഴക്കേക്കോട്ടയിലേക്കു പോകുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
'തൂവാനത്തുമ്പികള്‍' എന്ന ഫേസ് ബുക്ക് പേജില്‍ ഈ അടിക്കുറിപ്പോടെയാണ് കഴിഞ്ഞദിവസം ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഒരു വയസ്സ് മുതൽ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആൾകാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥൻ പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയിൽ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയുന്ന രംഗമാണിത്. എത്രയോ പേരുടെ ജീവൻ വെച്ചുള്ള കളിയാണിതെന്നും ഓർക്കണം. ഇന്നലെ അഞ്ചുപേർ മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറീട്ടില്ല... ഇതു എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തണം....ഇവന്റെ ലൈസൻസ് റദ്ദാക്കണം...
വീഡിയോ വൈറലായതോടെ ബസ് ഡ്രൈവർക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തി. വാഹന ഉടമയെ വിളിപ്പിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
