ഉത്സവകാലം രാജ്യത്തെ വിപണിക്ക് പൂക്കാലമാണ്. വാഹനവിപണിയിലാണ് ഉത്സവകാലം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക. ദീപാവലി കൂടിയാണെങ്കില്‍ പറയുകയും വേണ്ട. ദീപാവലിക്ക് രാജ്യത്തെ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും വിവിധ ഓഫറുകളശുമായി രംഗത്തെത്താറുണ്ട്.

ക്യാഷ് ഡിസ്‍കൗണ്ടും എക്സേഞ്ച് ഓഫറും തുടങ്ങി വേറിട്ട ഓഫറുകളായിരിക്കും പലതും. എന്നാല്‍ ഈ ദീപാവലിക്ക് തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പ് നല്‍കിയ ഓഫര്‍ എല്ലാവരെയും അമ്പരപ്പിക്കും.

ഹീറോ ബൈക്ക് വാങ്ങുന്ന എല്ലാവര്‍ക്കും ആടിനെ ഫ്രീയായി നല്‍കുമെന്നായിരുന്നു ഓഫര്‍. ഒക്ടോബര്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസങ്ങളില്‍ ബൈക്ക് വാങ്ങുന്ന എല്ലാവര്‍ക്കും ഒരു ആടിനെ സൗജന്യമായി നല്‍കുമെന്നാണ് ഗായത്രി മോട്ടോഴ്‌സിന്‍റെ ഓഫര്‍ നല്‍കിയത്. ഇതോടെ ഡീലര്‍ഷിപ്പിലേക്ക് ഫോണ്‍വിളിയുടെ പ്രവാഹമായിരുന്നു. ആദ്യം ദിനം മാത്രം നൂറോളം ബുക്കിങ് വന്നു. പിന്നെയും ബുക്കിംഗ് കൂടിയതോടെ അപകടം മണത്ത ഡീലര്‍ ഓഫര്‍ പിന്‍വലിച്ചു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ സംഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കാത്തതിനാലാണ് ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ഷിപ്പ് നിര്‍ബന്ധിതമായത്. ഇനി ബുക്ക് ചെയ്യുന്നവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഗായത്രി മോട്ടോഴ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍.