അമിതവേഗതയിലെത്തി റോഡിലെ വാഹനങ്ങളില്‍ ഇടിച്ചു മറിയുന്ന മാരുതി ആള്‍ട്ടോ കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസ കൊല്ലം കരുനാഗപ്പള്ളിയില്‍ ദേശീയപാതയില്‍ നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ദേശീയപാതതയില്‍ പുള്ളിമാന്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. തെറ്റായ ദിശയിലൂടെ അമിത വേഗതയിലെത്തിയ കാര്‍ രണ്ടു ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീപത്തെ കടയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നത്. മത്സരബുദ്ധിയോടെയുള്ള മരണപ്പാച്ചില്‍ റോഡിലെ നിരപരാധികളുടെ ജീവിതങ്ങളെ എങ്ങനെ താറുമാറാക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.

വെള്ള മാരുതി ആള്‍ട്ടോ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാഞ്ഞു വരുന്നതും ഇരുചക്രവാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് തലികീഴായി മറിഞ്ഞ കാര്‍ റോഡിരികിലെ പുക പരിശോധന കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയില്‍ ഇടിച്ചും നില്‍ക്കുന്നതും കാണാം. 

പരിസരത്തുള്ളവര്‍ കാറിന്‍റെ വരവ് കണ്ട് ഓടി മാറുന്നതും അപകടശേഷം തരിച്ചു നില്‍ക്കുന്നവരും വീഡിയോയില്‍ വ്യക്തമാണ്. ഓടിക്കൂടിയവര്‍ പരിക്കേറ്റവരെ എടുത്തുകൊണ്ടു വരുന്നതും ഈ ദാരുണ രംഗങ്ങള്‍ക്കെല്ലാം സാക്ഷിയായ ഒരു സ്ത്രീ ബോധരഹിതയായി നിലത്തു വീണുരുളുന്നതും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്.

കാര്‍ ഓടിച്ചവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഉള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റവരില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങളും ഓട്ടോ ഡ്രൈവറും സ്കൂട്ടര്‍ യാത്രികരായ കുടുംബവും ഉണ്ട്.