മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനവ്യൂഹത്തിലേക്ക് അപകടകരമായ രീതിയില്‍ കാറോടിച്ച് കയറ്റി. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം കൊട്ടരക്കരയിലായിരുന്നു സംഭവം. സംഭവത്തില്‍ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശികളായ സജി ജോണ്‍ (42), അഭിലാഷ് (35), ജിബിന്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രവാസിയും മറ്റൊരാള്‍ നാട്ടില്‍ ബിസിനസുകാരനുമാണ്. മദ്യപിച്ച് അപകടകരമാം വിധം വാഹനം ഓടിച്ചതിനും മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു.
മുഖ്യമന്ത്രിയുടെ രണ്ട് സുരക്ഷാ വാഹനങ്ങള്‍ മറികടന്ന് മുന്നില്‍ കയറിയ യുവാക്കള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. യുവാക്കളുടെ വാഹനം മറികടക്കുന്നതിനിടെ ഇടത്തേക്ക് വെട്ടിച്ച അകമ്പടി വാഹനം നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറി അപകടമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയ കാറിനെ അകമ്പടി വാഹനം പിന്തുടര്‍ന്ന് കൊട്ടാരക്കര മരങ്ങാട്ട് കോണത്ത് വച്ചാണ് പിടികൂടിയത്.
