ക്ലാസിക്ക് ലുക്കും സൂപ്പർബൈക്കുകളുടെ കരുത്തുമായി ഒരു എൻഫീൽഡ് ബുള്ളറ്റ് വരുന്നൂ. ബുള്ളറ്റ് പ്രേമികള്‍ അമ്പരക്കേണ്ട. വാര്‍ത്ത സത്യമാണ്. എന്നാല്‍ അതൊരു കസ്റ്റം ബൈക്ക് ആണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം. ഓസ്ട്രേലിയൻ കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര്‍മ്മാതാക്കളായ കാർബെറി മോട്ടോര്‍സൈക്കിള്‍സാണ് 1000 സി സി ബുള്ളറ്റിനു പിന്നില്‍. റോയൽ എൻഫീൽഡിന്റെ എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന ഈ 1000 സിസി ബൈക്കിന്റെ പേര് കാർബെറി എൻഫീൽഡ് എന്നാണ്. ഇന്ത്യയിൽ അടുത്തിടെ പ്രദർശിപ്പിച്ച ബൈക്കിന്റെ ബുക്കിങ് ഉടൻ ആരംഭിക്കും. 4.96 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഫാക്റ്ററി വില.
ഓസ്ട്രേലിയന്‍ സ്വദേശിയായ പേള്‍ കാര്‍ബറിയാണ് കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സിന്‍റെ ഉപജ്ഞേതാവ്. റോയൽ എൻഫീൽഡിന്റെ രണ്ട് 500 സിസി എൻജിനുകൾ ചേർത്ത് വി ട്വിന്നാക്കിയാണ് പോള്‍ ഈ ബുള്ളറ്റുകള്‍ നിർമിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വിവിധ ഘടകങ്ങൾ ഈ മോഡിഫൈഡ് ബൈക്കില്‍ ഉപയോഗിക്കുന്നു. 55 ഡിഗ്രി, എയർകൂൾഡ്, നാലു വാൽവ് എൻജിൻ 52.2 ബിഎച്ച്പി കരുത്തും 82 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയർബോക്സ്. കാർബെറി ബുള്ളറ്റിന്റെ എൻജിൻ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ വിപണിയിൽ എന്നെത്തുമെന്നും വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.
ഓസ്ട്രേലിയയിൽ നിരവധി ബൈക്കുകൾ നിർമിച്ച് വിറ്റെങ്കിലും 2011ൽ കാർബെറി ബുള്ളറ്റിന്റെ നിർമാണം അവസാനിപ്പിച്ചിരുന്നു. ഇന്ത്യയിലെത്തിയ പോൾ കാര്‍ബെറി ജസ്പ്രീത് സിങ് എന്ന ഹരിയാന സ്വദേശിയുമായി സഹകരിച്ച് സ്ഥാപിച്ച ഡീം എൻജിൻ ആന്റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയിലൂടെയാണ് കാർബെറി ബുള്ളറ്റിന് ഇന്ത്യയിൽ രണ്ടാം ജന്മം ഒരുക്കുന്നത്. ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് കമ്പനിയുടെ നിർമാണ ശാല.
