ദില്ലി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ കാറുകളിലും എയര്‍ ബാഗ്, പാര്‍ക്കിംഗ് സെന്‍സര്‍ ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. 2019 ജൂലൈ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വരും. സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തുന്ന അലാമുകള്‍, 80 കിമിക്ക് മുകളില്‍ വേഗത കൂടിയാല്‍ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവയും കാറുകളിലുണ്ടാകണം.
കേന്ദ്ര ഉപരിതല- ഗതാഗത മന്ത്രാലയം ഇതിനകം അനുമതി നല്‍കിയ പുതിയ നിയമം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ മികച്ച ഫീച്ചറുകളുള്ള വിലകൂടിയ വാഹനങ്ങളില്‍ മാത്രമാണ് ഇത്തരം സുരക്ഷ സംവിധാനങ്ങള്‍ ലഭ്യമാകുന്നത്. 2016ല്‍ രേഖപ്പെടുത്തിയ 1.15 ലക്ഷം അപകടമരണങ്ങളില്‍ 74,000ത്തോളം പേര്‍ മരിച്ചത് അമിതവേഗത മൂലമാണ്.
