ദില്ലി: എല്ലാ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി, തുരന്തോ ട്രെയിനുകളിലാവും സിസിടിവികള്‍ സ്ഥാപിക്കുക.

ഇന്ത്യന്‍ റെയില്‍വേയുടെ 11,000 ത്തോളം ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി 3000 കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സബര്‍ബന്‍ ട്രെയിനുകളിലും രാജ്യത്തെ 8500 സ്റ്റേഷനുകളിലും ഭാവിയില്‍ സിസിടിവി നിരീക്ഷണം ഉറപ്പാക്കും.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 46 രാജധാനി, 52 ശതാബ്ദി, 36 തുരന്തോ ട്രെയിനുകളില്‍ സിസിടിവിയുടെ നിരീക്ഷണം ഉണ്ടാവും. രണ്ട് പ്രവേശനഭാഗത്തേക്കും ഇടനാഴിയുടെ രണ്ട് ദിശകളിലും നിരീക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ ഒരു കോച്ചില്‍ നാല് സിസിടിവി ക്യാമറകള്‍ വീതമായിരിക്കും സ്ഥാപിക്കുക.