വാഹനത്തിലെ എല്ലാ യാത്രികരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നാണ് നിയമം. പക്ഷേ നമ്മുടെ രാജ്യത്ത് മുന്‍സീറ്റിലെ യാത്രക്കാർ മാത്രം സീറ്റ്ബെൽറ്റ് ധരിക്കുന്നതാണ് പതിവ്. എന്നാൽ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയാണ് കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍.
ചൈനയിലെ ജിയാൻഷു പ്രവിശ്യയില്‍ നടന്ന അപകടത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേയിൽ യുടേൺ എടുക്കുകയായിരുന്ന മിനി വാനിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനത്തിന്റെയും ഡ്രൈവർമാർക്കു കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. എന്നാല്‍ മിനി വാനിന്‍റെ പിൻസീറ്റിലിരിക്കുകയായിരുന്ന ഏഴുവയസുകാരന്‍ തെറിച്ച് റോഡിലേക്കു വീണു. കുട്ടി റോഡിലൂടെ ഉരുണ്ടു പോകുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വാഹനങ്ങള്‍ കുട്ടിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ സഡന്‍ ബ്രേക്കിടുന്നതും വീഡിയോയിലുണ്ട്.
സീറ്റ് ബെൽറ്റ് ധരിക്കാത്തതുകൊണ്ടാണ് പിൻവശത്തെ വിൻഡ് സ്ക്രീൻ തകർത്തുകൊണ്ട് കുട്ടി ഹൈവേയിൽ വീണത്. അതിനാല്‍ ചെറിയ കുട്ടികളെ ഒറ്റയ്ക്കിരുത്തുമ്പോൾ ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുകയോ സീറ്റുബെൽറ്റ് ഇടുകയോ നിർബന്ധമായും ചെയ്യണമെന്ന് വിഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു.
സീറ്റുബെൽറ്റ് ധരിയ്ക്കുന്നതിലൂടെ അപകടങ്ങളിലെ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരിക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരിക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും സീറ്റു ബെല്‍റ്റുകളിലൂടെ സാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

