രാജ്യത്ത് കൂടുതല്‍ മലിനീകരണത്തിന് കാരണമാകുന്ന വിവിധ കമ്പനികളുടെ 553 കാറുകള്‍ നിരോധിക്കാന്‍ ചൈനീസ് വെഹിക്കിള്‍ ടെക്‌നോളജി സര്‍വ്വീസ് സെന്റര്‍ തീരുമാനിച്ചു. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന വായു മലിനീകരണം കുറയ്ക്കാനാണ് കര്‍ശന നടപടി. ഫോക്സ് വാഗണ്‍, ഔഡി, ബെന്‍സ്, ഷെവര്‍ല, ചെറി, ജി എം തുടങ്ങിയ പ്രമുഖ കമ്പനികളുടെ വാഹനങ്ങളാണ് നിരോധന പട്ടികയിലുള്ളത്. ചൈനയില്‍ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാന്‍ സാധിക്കാത്ത കാറുകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് ചൈനയുടെ ശ്രമം. ചെറുകമ്പനികള്‍ മുതല്‍ ആഡംബര വാഹന നിര്‍മാതക്കളുടെ കാറുകള്‍ വരെ നിരോധിച്ചവയില്‍ ഉള്‍പ്പെടും. മലിനീകരണതോത് വര്‍ധിപ്പിക്കുന്ന മോഡലുകള്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് നിരോധിക്കുന്നത് ചൈനയില്‍ ഇതാദ്യമാണ്.
