Asianet News MalayalamAsianet News Malayalam

എതിരാളികളുടെ ചങ്കിടിപ്പേറി; ചൈനീസ് എസ്‍യുവികള്‍ ഉടനെത്തിയേക്കും

Chinese SUVs to India
Author
First Published Jan 28, 2018, 7:49 AM IST

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

ഇപ്പോള്‍ വീണ്ടും വാഹനലോകത്തെ വാര്‍ത്തകളില്‍ സജീവമാകുകയാണ് എംജി. കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് ചൈനീസ് വമ്പന്മാരുടെ ആദ്യവരവെന്നാണ്  പുറത്തു വരുന്ന പുതിയ വാര്‍ത്തകള്‍. എംജി മോട്ടോര്‍സിന്‍റെ ഇന്ത്യയിലെ ആദ്യ അവതാരം കോമ്പാക്ട് എസ്‌യുവി ZS മിക്കവാറും അടുത്ത സാമ്പത്തിക വർഷത്തിന്റെ മധ്യത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയേക്കുമെന്നാണ് പുതി റിപ്പോര്‍ട്ടുകള്‍. എംജി ZS, GS എസ്‌യുവികളാവും ഗുജറാത്തിലെ ഹലോല്‍ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുക. മത്സരം കണക്കിലെടുത്ത് ബജറ്റ് വിലയിലാകും കോമ്പാക്ട് എസ്‌യുവി എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയ്ക്കുള്ള മോഡൽ ശ്രേണി സംബന്ധിച്ച് അന്തിമ തീരുമാനം എം ജി മോട്ടോഴ്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലാണ്  ZS കോമ്പാക്ട് എസ്‌യുവി എത്തുന്നതെന്നും 1.0 ലിറ്റര്‍ പതിപ്പില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 1.5 ലിറ്റര്‍ പതിപ്പില്‍  5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍. കാഴ്ചയില്‍ ഏറെ അഗ്രസീവാണ് എംജി ZS എന്ന് കമ്പനി പുറത്തു വിട്ട ടീസര്‍ വീഡിയോകളും സാക്ഷ്യപ്പെടുത്തുന്നു. വലിയ ഫ്രണ്ട് ഗ്രില്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പ്രത്യേകതകളാണ്.

റൂഫ് മൗണ്ടഡ് സ്‌പോയിലറും എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററുമാണ് പ്രധാന റിയര്‍ എന്‍ഡ് ഫീച്ചര്‍. 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് ആണ് വീലുകള്‍. ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, കണക്ടിവിറ്റി ഓപ്ഷനുകളോടെയുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെന്റര്‍ കണ്‍സോളിന് മേലെ കുത്തനെയുള്ള എയര്‍ വെന്റുകള്‍, ഡാഷ്‌ബോര്‍ഡിലെ സില്‍വര്‍ ട്രിം എന്നിങ്ങനെ നീളുന്നു ഇന്‍റീരിയര്‍.

ഡ്യൂവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്പി, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ലൊഞ്ച് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് എംജി ZS ന്റെ സുരക്ഷാമുഖം.  ഇന്ത്യന്‍ വരവില്‍ അഞ്ച് സീറ്ററായാകും എംജി ZS അണിനിരക്കുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുറമെ റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ മോഡലുകളോടും എംജി ZS ഏറ്റുമുട്ടും.

രൂപകൽപനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികൾക്ക് പേടി സ്വപ്നമാകും എം ജിയുടെ മോഡലുകളെന്നാണ് ഇന്ത്യന്‍ വാഹനലോകത്തെ പ്രതീക്ഷകള്‍. രൂപകൽപന ബ്രിട്ടനിലും ഉത്പാദനം പൂർണമായി ഇന്ത്യയിലുമായിട്ടാണ് എംജി മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്.

ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം എംജിയുടെ വരവോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios