പാറ്റയെന്നും കൂറയെന്നുമൊക്കെ അറിയപ്പെടുന്ന ചെറുപ്രാണി ഒരു ഭീകരനൊന്നുമല്ല. എന്നാല്‍ ഇവ ചിലര്‍ക്ക് കടുത്ത അസ്വസ്ഥതയും ഭീതിയുമുണ്ടാക്കും. ഇത്തരമൊരു പാറ്റ ഭീതി ഒരു അപകടത്തിന് കാരണമായ സംഭവമാണിപ്പോള്‍ വാഹനലോകത്ത് ചര്‍ച്ച. സിംഗപ്പൂരിലാണ് സംഭവം.

ജുറോങ്ങിലൂടെ പോകുകയായിരുന്നു 61 കാരിയായ ഒരു സ്ത്രീ. ഡ്രൈവിംഗിനടയിലാണ് അവര്‍ ആ കാഴ്ച കണ്ടത്. കാറിനുള്ളില്‍ ഒരു പാറ്റ. അതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വഴിയരികിലെ നടപ്പാലത്തിന് ചുവട്ടിലേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ചെറിയ പരിക്കുകളോടെ സ്ത്രീ രക്ഷപ്പെട്ടെന്നും അപകട സമയത്ത് ഇവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ വാഹനത്തിലെ മൂട്ടകളും പാറ്റകളും ഉള്‍പ്പെടെയുള്ള പ്രാണികളെ തുരത്താന്‍ ഇതാചില ചില പൊടിക്കൈകള്‍

1. ടാല്‍കം പൗഡര്‍
നാച്ചുറല്‍ ടാല്‍കം പൗഡര്‍ കാറിലെ മൂട്ടബാധിത പ്രദേശങ്ങളില്‍ ഇടുക. നാച്ചുറല്‍ പൗഡറിനു പകരം ബേബി ടാല്‍കം പൗഡറും ഉപയോഗിക്കാം. കാറിലെ അപ്‌ഹോള്‍സ്റ്ററിയിലും കാര്‍പെറ്റിലുമെല്ലാമുള്ള വിടവുകളില്‍ പൗഡര്‍ നല്ലവണ്ണം എത്തിക്കുക. മൂട്ടകള്‍ പമ്പ കടക്കും.

2. സൂര്യപ്രകാശം
ചൂടുള്ള ദിവസങ്ങളില്‍ കാറിനകത്തേക്ക് നല്ല സൂര്യപ്രകാശം കടത്തിവിടാന്‍ ശ്രമിക്കുക. ഏറെക്കുറെ മൂട്ടശമനം ഇതുകൊണ്ടുണ്ടാകും.

3.ഹീറ്റിങ് ഉപകരണങ്ങള്‍
ഇതുകൊണ്ടൊന്നും പൂര്‍ണ്ണമായും രക്ഷപ്പെട്ടെന്ന് കരുതേണ്ട. ഡാര്‍വിന്‍ പറഞ്ഞതുപോലെ അര്‍ഹതയുള്ള മൂട്ടകള്‍ അതിജീവിക്കുക തന്നെ ചെയ്യും. ചില ഹീറ്റിങ് ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ കിട്ടും. ഇവയും പ്രയോഗിക്കാം. കടുത്ത ചൂടിനെ അതിജീവിക്കാന്‍ മൂട്ടയ്ക്ക് സാധിക്കില്ല.

4. ബഡ് ബഗ് സ്റ്റീമര്‍
ചൂടുള്ള ആവി കടത്തിവിട്ട് മൂട്ടയെ കൊല്ലുന്ന പരിപാടി. 120 ഡിഗ്രിക്കു മുകളിലുള്ള ചൂട് സഹിക്കാന്‍ മൂട്ടയ്ക്ക് സാധിക്കില്ല. ചൂടുള്ള ആവി പ്രയോഗം വഴി മൂട്ടകളുടെ മുട്ടകള്‍ വരെ നശിക്കും. എല്ലാ ഒളിയിടങ്ങളിലേക്കും ആവി കടക്കുന്നു എന്നതിനാല്‍ ഇത് നല്ലൊരു ഓപ്ഷനാണ്. ഇത്തരം ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്.

5.വാക്വം ക്ലീനര്‍
വാക്വം ക്ലീനര്‍ ഉപയോഗിച്ച് മൂട്ടയെ വലിച്ചെടുക്കാം. ഇത് ഒരു പരിധിവരെ ഉപകാരപ്പെടും. രാത്രിയില്‍ കാറില്‍ ലൈറ്റുകള്‍ ഓഫ് ചെയ്തു വച്ച ശേഷം വാക്വം ക്ലീനര്‍ പ്രയോഗം നടത്തുക. പ്രകാശത്തില്‍ മൂട്ടകള്‍ പുറത്തിറങ്ങില്ല.

6.കെമിക്കലുകള്‍
മൂട്ടയെ കൊല്ലാന്‍ നിരവധി കെമിക്കലുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ അല്‍പ്പം അപകടകാരികളുമാണ്. അതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കുക. ചെറിയ കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനാണെങ്കില്‍ ഈ രീതി പരീക്ഷിക്കരുത്.

അതുപോലെ ആല്‍ക്കഹോള്‍ ഉപയോഗിച്ചും കാറിനുള്ളിലെ മൂട്ടകളെ തുരത്താം. ശ്രദ്ധിക്കുക. ഈ രീതിയും സൂക്ഷിച്ച് മാത്രം ചെയ്യുക. ഇത് പരമാവധി ഒഴിവാക്കുന്നതാവും നല്ലത്. കാരണം ആല്‍ക്കഹോള്‍ ഉപയോഗിച്ച് കാറിലെ മൂട്ടകളെ കൊല്ലാന്‍ ശ്രമിച്ചയാള്‍ അമേരിക്കയില്‍ തീപ്പൊള്ളലേറ്റു മരിച്ചത് അടുത്ത കാലത്താണ്.