കന്യാകുമാരി: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ബൈക്ക് യാത്രക്കാരന്റെ തല ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കേരള -തമിഴ്‌നാട് അതിര്‍ത്തി റോഡില്‍ കല്ലുപാളയത്തിലാണ് സംഭവം.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഹെല്‍മറ്റ് പരിശോധനയുടെ ഭാഗമായി റോഡില്‍ നില്‍ക്കുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ പൊലീസുകാരില്‍ ഒരാള്‍ ലാത്തികൊണ്ട് തലയില്‍ അടിക്കുകയായിരുന്നു. ലാത്തികൊണ്ടുള്ള അടിയില്‍ കന്യാകുമാരി സ്വദേശിയായ രാകേഷ് എന്ന യുവാവിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിന് പിന്നാലെ പൊലീസുകാരന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.