വിപണിയിലെത്തി ഒരു മാസം തികയുമ്പോഴേക്കും ജനഹൃദയങ്ങള്‍ കീഴടക്കിയ ഐക്കണിക് ബ്രാന്‍റ് ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡല്‍ കോംപാസിന്‍റെ തൊപ്പിയിലിതാ ഒരു പൊന്‍തൂവല്‍ കൂടി. യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും സ്വന്തമാക്കിയാണ് ജീപ്പ് കോംപസ് സുരക്ഷയുടെ കാര്യത്തില്‍ മിന്നുംപ്രകടനം കാഴ്‍ചവച്ചിരിക്കുന്നത്. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്ന് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന കോംപസ്. മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നുണ്ട്. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോഎന്‍സിഎപി പ്രഖ്യാപിച്ചത്.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ ജൂലൈ 31 ഓടെയാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് കോംപസിന്റെ വരവ്. സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നു.