പോത്തേട്ടന്‍സ് ബ്രില്ല്യന്‍സിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ദൃശ്യാവിഷ്‍കാരത്തിന്‍റെ പുതിയ മുഖം കാണിച്ചു കൊടുത്ത സംവിധായകനാണ് ദിലീഷ് പോത്തൻ. സഹസംവിധായകനും നടനുമായി സിനിമയിലെത്തി ആദ്യ ചിത്രം മഹേഷിന്റെ പ്രതികാത്തിലൂടെ മികവ് തെളിയിച്ചാണ് ദിലീഷ് മലയാളികളുടെ പ്രിയപ്പെട്ട പോത്തേട്ടനായത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷിന്‍റെ രണ്ടാം ചിത്രം വിജയം ബോക്സ് ഓഫീസ് തകര്‍ത്ത് ഓടുകയാണ്. ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാൻ ഒരു ആഢംബര എസ്‍യുവിയാണ് പോത്തേട്ടന്‍ സ്വന്തമാക്കിയത്. വോൾവോയുടെ ലക്ഷ്വറി എസ് യുവി എക്സ് സി 90 ലാണ് ഇനി ദിലീഷ് പോത്തന്‍റെ യാത്രകള്‍.

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെ വാഹനങ്ങള്‍ യാത്രക്കാർക്കു പുറമെ റോഡിലെ മറ്റു യാത്രികർക്കു വരെ സംരക്ഷണം നൽകുന്ന പെഡൽസ്ട്രിയൽ എയർബാഗുകളോടു കൂടിയതാണ്. വോൾവോ കാറുകൾ ആഡംബരവും സുരക്ഷയും ഡ്രൈവും ഒരുപോലെ ഒത്തിണങ്ങുന്ന വാഹനങ്ങളാണെന്ന് ചുരുക്കം.

വോൾവോ എക്സ്‌സി 90 യുടെ ഡീസൽ പതിപ്പാണ് ദിലീഷ് പോത്തൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്. ഏകദേശം 72 ലക്ഷം മുതൽ 83 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ വോൾവോ ഡീലർഷിപ്പിൽ നിന്നാണ് പോത്തേട്ടന്‍ പുത്തന്‍ വോള്‍വോ വാങ്ങിയത്.

സെഡാനുകളായ എസ്. 60, എസ് 80, ക്രോസ് കണ്‍ട്രി മോഡലായ വി 40, ക്രോസ്‌കണ്‍ട്രി ഹാച്ച്ബായ്ക്കായ വി. 40, എസ്.യുവികളായ എക്‌സ്. സി. 60, എക്‌സ് സി 90 എന്നിവയാണ് വോള്‍വോയുടെ ഇന്ത്യയിലെ പ്രധാന മോഡലുകള്‍. 7 സീറ്റര്‍ എസ്.യു.വി.യാണ് എക്‌സ് സി. 90. 2002ലാണ് വോള്‍വോ ആദ്യമായി എക്സ് സി 90 വിപണിയിലെത്തിക്കുന്നത്.