മനസാന്നിധ്യം നഷ്ടപ്പെടാതെ പ്രവര്‍ത്തിച്ചത് മൂലം വഴിമാറിയത് വന്‍ദുരന്തം
കാറിനുള്ളില് കുപ്പിയില് വെള്ളം സൂക്ഷിക്കുന്നവര് ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി നിങ്ങളുടെ കാര് അപകടത്തില് പെടാനുള്ള സാധ്യത ഏറെയാണ്. വാഹനത്തിനുള്ളില് നിലത്ത് അശ്രദ്ധമായി ഇടുന്ന വസ്തുക്കള് ശ്രദ്ധയില് പെട്ടാല് അത് കൃത്യമായി എടുത്ത് മാറ്റി വയ്ക്കണമെന്ന് ഓര്മിപ്പിക്കുന്നതാണ് ഈ യുവതിക്കുണ്ടായ അപകടം.
കാറില് കിടന്ന വെള്ളക്കുപ്പി ബ്രേക്ക് പെഡലിനടിയില് കുടുങ്ങിയതാണ് യുവതി ഓടിച്ച കാര് അപകടത്തില്പെടാന് കാരണമായത്. ലണ്ടനിലെ സസെക്സിലാണ് സംഭവം. വാഹനമോടിക്കുന്നതിനിടെയാണ് ബ്രേക്ക് കിട്ടുന്നില്ലെന്ന് യുവതി തിരിച്ചറിയുന്നത്. അമിതവേഗതയില് ആയിരുന്ന വാഹനം അപകടത്തില് പെടാന് പോകുന്നെന്ന് തിരിച്ചറിഞ്ഞ യുവതി മനസാന്നിധ്യം നഷ്ടപ്പെടാതെ പ്രവര്ത്തിച്ചത് മൂലം വഴിമാറിയത് വന്ദുരന്തം.
റോഡരികില് ഉണ്ടായിരുന്ന പെട്രോള് പമ്പിലേയ്ക്ക് വാഹനം കയറ്റിയ യുവതി അവിടെയുണ്ടായിരുന്ന ഇരുമ്പ് പോസ്റ്റില് വണ്ടിയിടിച്ച് നിര്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില് വാഹനം തലകീഴായി മറിഞ്ഞെങ്കിലും യുവതിയുടെ പരിക്ക് ഗുരുതരമല്ല.

പൊലീസ് സംഭവസ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ബ്രേക്ക് പോയതിന്റെ കാരണമറിഞ്ഞ് ഞെട്ടിയത്. ബ്രേക്ക് പോയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല് വിശദമായ അന്വേഷണത്തിലാണ് ബ്രേക്ക് പെഡലിന് താഴെ നിന്ന് ചളുങ്ങിയ നിലയില് വെള്ളക്കുപ്പി കണ്ടെത്തിയത്.

അപകടത്തില് കാറിന് കാര്യമായ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. അശ്രദ്ധമായ രീതിയില് സൂക്ഷിച്ച വെള്ളക്കുപ്പി കാരണം യുവതി നേരിട്ടത് വന് അപകടമാണെന്ന് പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങളില് നിന്ന് വ്യക്തമാകും.
