കാഴ്ചകളുടെ മായാലോകമാണ് മൂന്നാര്‍. സഞ്ചാരികളുടെ പറുദീസ. മനോഹരമായ താഴ്വാരങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞും മലനിരകളുമൊക്കെയുള്ള നിറഞ്ഞ ഇടം.
ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തീര്‍ച്ചയായും മൂന്നാറിലേക്കൊരു യാത്ര പോയിരിക്കണം. അതൊരു മധുവിധു യാത്രയാണെങ്കില്‍ വളരെയധികം നല്ലത്. അതിന് നിരവധി കാരണങ്ങളുണ്ട്. മലകളുടെ നെറുകില്‍ നിന്ന് സുന്ദരമായ ഭൂമിയെ നോക്കി, പ്രണയിനിയുടെ കൈകൾ കോർത്തുപിടിച്ച് പ്രകൃതിയുടെ ഭംഗി ആസ്വദിക്കാം. മധുവിധു യാത്രയിൽ മൂന്നാർ പകർന്നു നൽകുന്ന കാഴ്ചകൾ നിങ്ങളെ ഭ്രമിപ്പിക്കും. പ്രണയാവേശത്തിന്റെ കൊടുമുടിയിൽ നിങ്ങൾക്ക് പങ്കാളിയോടൊപ്പം മതിമറന്ന് ഇരിക്കാം.
ശ്രീനാരായണപുരം വെള്ളച്ചാട്ടം, എക്കോ പോയിന്‍റ്, നാടുകാണി, സ്പൈസസ് ഗാര്‍ഡൻ തുടങ്ങിയ മൂന്നാറിലെ ടൂറിസം സ്‍പോട്ടുകള്‍ക്കൊപ്പം സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരിടമാണ് ബേര്‍ഡ്‍സ് വാലി.
ആറ് ഏക്കറോളം വിസ്‍തൃതിയില്‍ പരന്നു കിടക്കുന്ന താഴ്‍വാരം. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾക്കിടയില്‍ മറക്കാനാവാത്ത മായക്കാഴ്ചകള്‍ നിറഞ്ഞ ഇടം. വിവിധ ഇനം പക്ഷികള്‍ നിറഞ്ഞ ഈ പക്ഷി സങ്കേതത്തിനകത്തെ നിശബ്‍ദതക്കിടയില്‍ മഞ്ഞിലുറങ്ങിക്കിടക്കുന്ന ഇന്ദ്രിയ റിസോര്‍ട്ടുകളിലെ താമസവുമൊക്കെ നിങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളായിരിക്കും.
മഞ്ഞണിഞ്ഞ തേയില തോട്ടങ്ങളും കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലെ ട്രക്കിങ്ങുമൊക്കെ നിങ്ങളെ വേറൊരു ലോകത്തെക്കാവും കൂട്ടിക്കൊണ്ടു പോകുക. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

