ഡ്രൈവറില്ലാതെ റോഡിലൂടെ കിലോമീറ്ററുകളോളം ഓടുന്ന ബൈക്കിന്‍റെ വീഡിയോ അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന റൈഡര്‍ തെറിച്ചു വീണിട്ടും കിലോമീറ്ററുകളോളം ഒറ്റക്ക് സഞ്ചരിച്ച ആ പ്രേത ബൈക്ക് വിദേശത്തായിരുന്നെങ്കില്‍ ഡ്രൈവറില്ലാതെ ഒരു പ്രേത ലോറിയുടെ സഞ്ചാരം നമ്മുടെ മുറ്റത്താണ്.

റോഡിലൂടെ വട്ടം കറങ്ങുന്ന ഐഷര്‍ ട്രക്കിന്‍റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തമിഴ്‍നാട്ടിലെ ദിണ്ടിഗല്‍ - മധുരൈ ദേശീയപാതയില്‍ അടുത്തിടെയാണ് സംഭവം.

ഡ്രൈവര്‍ മദ്യപിച്ചതാണ് സംഭവത്തിനു കാരണം. കാര്‍ത്തിക് എന്ന 35 കാരനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. മദ്യപിച്ചതു കാരണം ഇയാള്‍ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന റോഡിലെ ഡിവൈഡറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിംഗ് വീല്‍ ജാമായി. ഡ്രൈവര്‍ റിവേഴ്‍സ് ഗിയറിടുക കൂടി ചെയ്തതതോടെ വണ്ടി അതിവേഗതയില്‍ പിന്നോട്ടു നീങ്ങിത്തുടങ്ങി. ഇതിനിടെ പരിഭ്രാന്തനായ ഡ്രൈവര്‍ പുറത്തേക്ക് ചാടി. അതോടെ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലൂടെ അതിവേഗതയില്‍ വട്ടം ചുറ്റിത്തുടങ്ങി. ഓടിക്കൂടിയ ആളുകളിലാരോ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡ്രൈവര്‍ വണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതും ടയറിനടിയിലേക്ക് കല്ലിട്ട് നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്നതുമൊക്കെ വീഡിയോയില്‍ കാണാം. പക്ഷേ വാഹനം നില്‍ക്കാതെ ഓട്ടം തുടരുന്നു. ഈ സമയം നിരവധി വാഹനങ്ങള്‍ റോഡിലൂടെ കടന്നു പോകുന്നുമുണ്ട്. ഇതിനിടെ ഓടിയെത്തിയ മറ്റൊരു ട്രക്ക് ഡ്രൈവര്‍ വാഹനത്തിന്‍റെ ഇഗ്നീഷ്യന്‍ ഓഫ് ചെയ്തതോടെയാണ് വാഹനം നിന്നത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.