ദുബായ് പൊലീസിന്‍റെ വാഹനനിര ഏറെ പേരു കേട്ടതാണ്. ആഢംബരവും സാങ്കേതികവിദ്യയും ഒരു പോലെ അണിനിരക്കുന്ന നിരവധി വാഹനങ്ങള്‍ ദുബായ് പൊലീസിനു സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ബ്രിട്ടിഷ് ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റ്ലിയുടെ എസ്‌യുവി ബെന്റെയ്ഗയെയും ദുബായ് പൊലീസ് സ്വന്തമാക്കിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സിൽ വച്ച് പുതിയ കാർ കൈമാറി. ഗതാഗത സുരക്ഷയ്ക്കും ജനങ്ങളുടെ അടുത്തേക്ക് പ്രത്യേകിച്ച് യുവാക്കളുടെ അടുത്തേക്ക് പെട്ടെന്ന് എത്തുന്നതിനും പുതിയ വാഹനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബുർജ് ഖലീഫയിലും പരിസര പ്രദേശങ്ങളിലും ഈ കാർ വിന്യസിക്കും.
ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവിയാണിത്. പരമാവധി വേഗം 310 കി.മീയാണ് എസ് യു വിയുടെ പരമാവധി വേഗം. 6 ലീറ്റർ 12 സിലിണ്ടർ എൻജിനാണ് കാറിന് കരുത്തുപകരുന്നത്. 5000 ആർപിഎമ്മിൽ 600 ബിഎച്ച്പി കരുത്തും 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കാറിന് വെറും 4.1 സെക്കൻഡ് മാത്രം മതി. ഏകദേശം നാലു കോടി രൂപ മുതൽ 5 കോടി രൂപ വരെയാണ് ബെന്റെയ്ഗയുടെ ഇന്ത്യയിലെ വില.
കമ്പനി നിര്‍മ്മിക്കുന്ന ആദ്യ എസ്‍യുവി കൂടിയാണ് ബെന്റെയ്ഗ. കാറിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു.അടുത്തകാലത്ത് പറക്കും ബൈക്കും ദുബായ് പൊലീസ് സ്വന്തമാക്കിയരുന്നു.
