കൊച്ചി മെട്രോയ്‌ക്കൊപ്പം സര്‍വീസ് നടത്താന്‍ ബസുകള്‍ക്കൊപ്പം ഇനി ഇലക്ട്രിക് വാഹനങ്ങളും. മെട്രോയില്‍ ഫീഡര്‍ സര്‍വീസിനായി ഏഴു ബസ് കമ്പനികള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിന് മൂന്നു കമ്പനികളും രൂപീകരിച്ചു. യാത്രാ സര്‍വീസിനുള്ള സമ്മതപത്രത്തില്‍ ഈ കമ്പനികളുമായി കെ.എം.ആര്‍.എല്‍ ഒപ്പിട്ടു.

ഒറ്റ ടിക്കറ്റില്‍ വിവിധ ഗതാഗത സംവിധാനങ്ങളിലുള്ള യാത്രയാണ് ആസൂത്രണം ചെയ്യുന്നത്. മെട്രോയും ബസും ഓട്ടോയുമെല്ലാമുള്‍പ്പെടുന്ന ഗതാഗത സംവിധാനം ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംയോജിത ബസ് ടൈംടേബിള്‍, ജി.പി.എസ്. സംവിധാനം, മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം യാഥാര്‍ത്ഥ്യമാകും. ബസുകള്‍ക്കായി ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ (ഒ.സി.സി.) നടപ്പിലാകും. ഭാവിയില്‍ ഇലക്ട്രിക് ബസുകളും കെ.എം.ആര്‍.എല്ലിന്റെ പരിഗണനയിലുണ്ട്.

തൃപ്പൂണിത്തുറയിലെ കൊച്ചി വീല്‍സ് യുണൈറ്റഡ്, പാലാരിവട്ടത്തെ പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസ്, പറവൂരിലെ മുസിരിസ് ബസ്, തമ്മനത്തെ മൈ മെട്രോ ബസ് സര്‍വീസ്, പള്ളിക്കരയിലെ ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, വൈറ്റിലയിലെ പ്രതീക്ഷ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, തെക്കന്‍ പറവൂരിലെ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങി കൊച്ചിയുടെ വിവിധ മേഖലകളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പെടുന്ന ഏഴ് കമ്പനികളാണ് രൂപവത്കരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിന്‍സ്‌ക ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡുമായാണ് സമ്മതപത്രം ഒപ്പിട്ടിരിക്കുന്നത്.