ന്യൂഡല്‍ഹി: 2030 മുതൽ രാജ്യത്തെ നിരത്തുകളിൽ വൈദ്യുത വാഹനങ്ങള്‍ മാത്രമെന്ന മുൻതീരുമാനത്തിൽ മാറ്റമില്ലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‍കരി. ഗതാഗത മേഖല പൂർണമായും വൈദ്യുതീകരിക്കുകയെന്ന മുൻതീരുമാനവുമായി മുന്നോട്ടു പോകുമെന്നും ഇതിന്റെ ഭാഗമായി വൈദ്യുത വാഹന നയത്തിന് ബുധനാഴ്ച അംഗീകാരം നൽകിയതായും വരുന്ന ആഴ്‍ച ഈ നയം  നീതി ആയോഗ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കുമെന്നും ഗഡ്‍കരി  വ്യക്തമാക്കി. രാജ്യത്ത് വാഹന നിർമാണ മേഖല പൂർണമായും ബാറ്ററിയിൽ ഓടുന്ന മോഡലുകളിലേക്കു മാറുന്നു എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ മേഖലയ്ക്കായി പ്രത്യേക നയത്തിനു തന്നെ രൂപം നൽകുന്നത്.

രാജ്യത്തു വൈദ്യുത വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കാനുള്ള ഔദ്യോഗിക കാലപരിധി 2030 ആയി തുടരുമെന്ന് ഗഢ്കരി ആവർത്തിച്ചു. അതിനിടെ അതിനുമുമ്പു തന്നെ വൈദ്യുത വാഹന വിൽപ്പന പ്രാബല്യത്തിലെത്തിക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ടെന്നാണു സൂചന.  രാജ്യത്തെ വാഹന വ്യവസായവും ഇത്തരമൊരു നയരൂപീകരണത്തിനായി ആവശ്യപ്പെട്ടതിനെ തുടർന്നാണു നീതി ആയോഗ് കരട് നയം തയാറാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനു സമർപ്പിച്ചത്.

ഊർജം സംഭരിക്കേണ്ട ലിതിയം അയോൺ ബാറ്ററികളുടെ അമിത വിലയാണു വൈദ്യുത വാഹന നിർമാണത്തിനും വ്യാപനത്തിനുമുള്ള പ്രധാന പ്രതിബന്ധമായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉൽപ്പാദനവും ഉപയോഗവുമൊക്കെ വ്യാപകമാവുന്നതോടെ ബാറ്ററി വില കുറയുമെന്നും അതുകൊണ്ടുതന്നെ മുമ്പ് നിശ്ചയിച്ച സമയപരിധിയിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് സർക്കാർ.

ബാറ്ററി ചാർജിങ് കേന്ദ്രങ്ങളുടെ ലഭ്യത പോലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ അപര്യാപ്തതകളും വൈദ്യുത വാഹന വ്യാപനത്തിനു വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക കമ്പനികൾക്കുണ്ട്. എന്നാൽ പുതിയ നയരൂപീകരണത്തിലൂടെ ഇത്തരം പോരായ്മകളെ മറികടക്കാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

പെട്രോളിന്റെയും ഡീസലിന്‍റെയും കാലം കഴിഞ്ഞെന്നും വൈദ്യുതിപോലെ ബദൽ ഇന്ധനങ്ങൾ സ്വീകരിക്കാത്ത വാഹനങ്ങൾ ഇടിച്ചുനിരത്തുമെന്നും വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയം’ അടുത്തിടെ സംഘടിപ്പിച്ച സമ്മേളനത്തിലും നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയിരുന്നു.

ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശം ഉടൻ സർക്കാർ പരിഗണിക്കുമെന്നും മലിനീകരണം തടയുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി വാഹനനിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‍തിരുന്നു.