വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ നടി അമലാ പോൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നികുതി വെട്ടിച്ചെന്നും ഇല്ലാത്ത വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തെന്നുമാണ് ആരോപണം. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഹർജിയിൽ സംസ്ഥാന സർക്കാരും കോടതിയിൽ മറുപടി നൽകും.
അമലാ പോളിന്‍റെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം.
ഇതിനിടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണത്തെ പരിഹസിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട അമല പോളിന് സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടുള്ള അമലയുടെ പരിഹാസ പോസ്റ്റ്. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. നടനും എം പിയുമായ സുരേഷ് ഗോപിയും ഫഹദ് ഫാസിലും സമാന ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
