ദില്ലി: വാഹനങ്ങളില്‍ അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, ബുള്‍ ബാറുകള്‍ തുടങ്ങിവയ്ക്ക് നിരോധനം. കേന്ദ്ര റോഡ് ട്രാൻസ്പോർട് ആന്റ് ഹൈവേ മന്ത്രാലയത്തിന്‍റെതാണ് ഉത്തരവ്. മോട്ടർവെഹിക്കിൾ ആക്ട് 1988 സെക്ഷൻ 52 പ്രകാരം നിയമം ലംഘിക്കുന്നവരിൽ നിന്ന് സെക്ഷൻ 190, 191 പ്രകാരം പിഴ ഈടാക്കണമെന്ന് സംസ്ഥാന ട്രാൻസ്പോർട് കമ്മിഷണർമാരോട് ഹൈവേ മന്ത്രാലയം നിര്‍ദ്ദേശിച്ചതായാണ് വിവരം. 5,000 രൂപ വരെയാണ് പിഴയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനി നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്ട്സുകള്‍ക്കോ നിയന്ത്രണങ്ങളുമില്ലെന്നും ഇരുചക്രവാഹനങ്ങളിൽ ഈ നിയമം ബാധകമാണോ എന്ന് നിർദ്ദേശത്തിൽ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനില്‍ അല്ലാത്ത ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തില്‍നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെല്‍മെറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് ഇവ മതിയാവും. ഇവ പൂര്‍ണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാര്‍ഡുകള്‍, ലൈറ്റുകള്‍ മുതലായവ പിടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. എക്‌സ്ട്രാ ലൈറ്റുകള്‍ പിടിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.