ലിവര്‍പൂള്‍: പുതുവത്സരാഘോഷത്തിനിടെ ബ്രിട്ടനിലെ ലിവര്‍പൂളില്‍ കാര്‍ പാര്‍ക്കിംഗില്‍ ഉണ്ടായ അഗ്നിബാധയില്‍ 1400 ഓളം കാറുകള്‍ കത്തി നശിച്ചു. ഇക്കോ അരീനയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ ഞായറാഴ്ചയാണ് തീപിടുത്തം. കോടികള്‍ വില വരുന്ന കാറുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. ഒരു കാറിലുണ്ടായ തീ മറ്റ് കാറുകളിലേക്കും പടരുകയായിരുന്നു. തീപിടുത്തത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പാര്‍ക്കിംഗില്‍ ഉണ്ടായിരുന്ന ഒരു കാറില്‍ നിന്നും തീ പടര്‍ന്നതായാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വളരെ പെട്ടെന്ന് തന്നെ തീ മറ്റു കാറിലേക്കും പടരുകയായിരുന്നു.

കെട്ടിടത്തിന്റെ ആദ്യ നിലയില്‍ കുതിര പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു. തീ പടര്‍ന്നതോടെ കുതിരകളെ അടുത്ത് കെട്ടിടത്തിലേക്ക് മാറ്റി. പ്രദര്‍നവും ഉടന്‍ റദ്ദ് ചെയ്തു. കുതിരകള്‍ക്കൊന്നും പരുക്ക് പറ്റിയില്ലെന്ന് സംഘാടകര്‍ പറഞ്ഞു. 21 ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ അണച്ചത്.